ഒന്നിനും രണ്ടിനും പോകാം ധൈര്യമുണ്ടെങ്കില്‍ മാത്രം

knr-kakkusപുതിയതെരു: ഇത്തിരി ധൈര്യമുള്ളവര്‍ക്കു മാത്രമേ പുതിയതെരു ടൗണിലുള്ള ചിറക്കല്‍ പഞ്ചായത്ത് കംഫര്‍ട്ട് സ്റ്റേഷനില്‍ പോകാനാകൂ. കൊറ്റാളി റോഡില്‍ സ്ഥിതിചെയ്യുന്ന കംഫര്‍ട്ട് സ്റ്റേഷന്റെ സ്ഥിതി ദയനീയമാണ്. നാല് കക്കൂസും നാല് മൂത്രപ്പുരയുമാണ് ഇവിടെയുള്ളത്. കക്കൂസിന്റെ വൃത്തി പറയാതിരിക്കുകയാണ് ഭേദം. ഒരെണ്ണം പൂട്ടിയിട്ടിരിക്കുകയാണ്. മറ്റൊന്ന് ഉപയോഗശൂന്യമാണ്. വെള്ളം വരുന്ന പൈപ്പിലെ മീറ്റര്‍ അഴിച്ചുകൊണ്ടുപോയതിനാല്‍ ബക്കറ്റില്‍ വെള്ളം എടുത്തുവേണം ശൗചാലയം ഉപയോഗിക്കാന്‍. ഇതു വൃത്തിയാക്കിയിട്ട് ഒരു വര്‍ഷത്തിലധികമായി.

നേരത്തെ ആഴ്ചയില്‍ ഒരു ദിവസം വൃത്തിയാക്കുന്ന പതിവുണ്ടായിരുന്നു. ഇപ്പോള്‍ കൊറ്റാളി റോഡിലുള്ളവര്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. ചിറക്കല്‍ പഞ്ചായത്തിന് ഇങ്ങനെ ഒരു കംഫര്‍ട്ട് സ്റ്റേഷന്‍ ഉണ്ടെന്ന് അറിയുന്നവര്‍ വിരളം. സ്ത്രീകള്‍ ഇവിടെ കയറാതിരിക്കുകയാണ് ഭേദം. വിവിധ സ്ഥാപനങ്ങളിലായി പുതിയതെരു ടൗണില്‍ മാത്രം 300ലധികം സ്ത്രീകള്‍ ജോലിചെയ്യുന്നുണ്ട്. ചില സ്ഥാപനങ്ങളേയും സമീപത്തെ വീടുകളേയുമാണു ഭൂരിഭാഗം സ്ത്രീകളും ആശ്രയിക്കുന്നത്. കംഫര്‍ട്ട്‌സ്റ്റേഷന്റെ ചുറ്റും കുപ്പികള്‍ നിറഞ്ഞതിനാല്‍ ദുരിതംവേറെയും. ഇത് വൃത്തിയാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.

Related posts