തളിപ്പറമ്പ്: നാല്‍പത് വര്‍ഷത്തോളം ആരും തിരിഞ്ഞുനോക്കാതിരുന്ന അള്ളാംകുളത്തിന് ഒടുവില്‍ ശാപമോക്ഷം. ഒരു പ്രദേശത്തിന്റെ പേരായി മാറിയ ഈ കുളം കാടുകയറിയും മണ്ണുനിറഞ്ഞ് നികന്ന നിലയിലുമായിരുന്നു. 45 സെന്റ് വിസ്തൃതിയുള്ള കുളം ഇപ്പോഴും ചവനപ്പുഴ മുണ്ടോട്ട് പുളിയപ്പടമ്പ് ഇല്ലത്തിന്റെ അധീനതയിലാണ്. കുളത്തിന്റെ ചരിത്രപ്രാധാന്യവും ഇപ്പോഴത്തെ ശോചനീയാവസ്ഥയും മുമ്പ് രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കുളത്തിന്റെ അവസ്ഥ നേരിട്ടറിയാവുന്ന പ്രദേശവാസി കൂടിയായ തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമൂദാണ് ‘ഒരു വര്‍ഷം ഒരു കുളം’ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അള്ളാംകുളം സംരക്ഷിക്കുവാന്‍ രംഗത്തിറങ്ങിയിട്ടുള്ളത്. അള്ളാംകുളത്തിന്റെ ഇന്നത്തെ അവസ്ഥ നേരില്‍ കണ്ട് ബോദ്ധ്യപ്പെട്ടതിനു ശേഷമാണ് പ്രഖ്യാപനമുണ്ടായത്.
കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ലഭ്യമായ എല്ലാ ശുദ്ധജല സ്രോതസുകളും സംരക്ഷിക്കണമെന്ന ഭരണതലത്തിലുള്ള നയത്തിന്റെ ഭാഗമായി അള്ളാംകുളം സംരക്ഷിക്കുന്നതിന് 2016-17 വര്‍ഷത്തെ സാമ്പത്തിക പദ്ധതിയിലുള്‍പ്പെടുത്തി അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. കുളം ആഴംകൂട്ടി സംരക്ഷണഭിത്തികള്‍ നിര്‍മിക്കും. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരേ കര്‍ശന നിരീക്ഷണവും നടപടിയും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യങ്ങള്‍ പൂര്‍ണമായി നീക്കംചെയ്ത ശേഷമായിരിക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.