സെല്‍ഫി ഒരു പകര്‍ച്ചവ്യാധി പോലെ എല്ലാരിലും പടര്‍ന്നുപിടിച്ചിരിക്കുകയാണ്. അനുവാദമില്ലാതെ സെല്‍ഫി എടുക്കുന്നതിന്റെ പേരില്‍ പല സെലിബ്രിറ്റികളും ആരാധകരോട് തട്ടിക്കയറുകയും ചീത്തവിളിക്കുകയും ചെയ്ത സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. മനുഷ്യരുടെ കൂടെ മാത്രമല്ല, മൃഗങ്ങളുടെയും പക്ഷികളുടെയും മത്സ്യങ്ങളുടെയും കൂടെ വരെ നിന്ന് സെല്‍ഫി എടുക്കുന്ന ഭ്രാന്ത് ലോകം മുഴുവനും പടര്‍ന്നിരിക്കുകയാണ്.
മനുഷ്യന്‍ മാത്രമല്ല മൃഗങ്ങള്‍ക്കുവരെ സഹിക്കാന്‍ പറ്റുന്നില്ല ഈ സെല്‍ഫി ഭ്രാന്ത് എന്ന് തെളിയിക്കുന്ന സംഭവമാണ് ശ്രീലങ്കയില്‍ അരങ്ങേറിയത്. ആനക്കൊട്ടില്‍ സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരിയായ ഒരു യുവാവ് തന്റെ സെല്‍ഫി സ്റ്റിക്കില്‍ ആനയുടെ വീഡിയോ പകര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ കമ്പിവേലിക്ക് അപ്പുറം നിന്ന ആന സെല്‍ഫി എടുക്കുന്നത് തടഞ്ഞു. തനിക്ക് സെല്‍ഫി എടുക്കുന്നത് ഇഷ്ടമല്ലയെന്ന രീതിയില്‍ ആന പലവട്ടം യുവാവിനെ തുമ്പിക്കൈ കൊണ്ട് തടയുന്നുണ്ട്.
എന്നാല്‍ ഇതെല്ലാം അവഗണിച്ച് യുവാവ് സെല്‍ഫി തുടര്‍ന്നു. മറ്റ് സഞ്ചാരികളെ സന്തോഷിപ്പിക്കുന്നതിനിടെയാണ് ആന അല്‍പം അകലെ നിന്നിരുന്ന യുവാവിന് മുന്നറിപ്പ് നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍ ആനയെ അവഗണിച്ച് സെല്‍ഫിയെടുക്കല്‍ തുടര്‍ന്ന യുവാവിനെ ആന മുന്നോട്ട് നടന്ന് വന്ന് തുമ്പിക്കൈ കൊണ്ട് തലക്കടിക്കുകയായിരുന്നു.