ആലപ്പുഴ: ഒറിജിനല്‍ വോട്ടിംഗ് മെഷീനെ വെല്ലുന്ന മെഷീന്‍ തയാറാക്കുകയാണ് ആലപ്പുഴ സക്കറിയ ബസാറിലെ ഫോര്‍ ലൈന്‍ മീഡിയ എന്ന സ്ഥാപനം. കഴിഞ്ഞ 15 വര്‍ഷക്കാലമായി തെരഞ്ഞെടുപ്പ് രംഗത്തെ നിറസാന്നിധ്യമായ സക്കറിയ ബസാര്‍ ഷീമോന്‍ പുരയിടത്തില്‍ അനസാണ് ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍. തെരഞ്ഞെടുപ്പു പ്രചരണത്തിനു ചൂടുപിടിച്ചതോടെ അനസിന്റെ വോട്ടിംഗ് മെഷീന്‍ തേടി വിവിധ രാഷ്ട്രീയകക്ഷികള്‍ എത്തിത്തുടങ്ങി കഴിഞ്ഞു.
തെരഞ്ഞെടുപ്പുകളില്‍ ചിഹ്നങ്ങള്‍ പതിച്ച തൊപ്പികള്‍, പോസ്റ്റര്‍, മുഖംമൂടികള്‍, കട്ടൗട്ടുകള്‍, ഫഌക്‌സ്, സ്റ്റിക്കറുകള്‍, ടീ ഷര്‍ട്ടുകള്‍ എന്നിവ തയാറാക്കി നല്കിയിരുന്ന അനസിന്റെ ഇത്തവണത്തെ വ്യത്യസ്ത ഇനമാണ് മാതൃകാ വോട്ടിംഗ് മെഷീന്‍. ബാറ്ററി, എല്‍ഇഡി ബള്‍ബ്, ബസര്‍, മെറ്റല്‍ ഫ്രെയിം എന്നിവ വോട്ടിംഗ് മെഷീനില്‍ ഉപയോഗിച്ചിട്ടുണ്ട്. വീടുകള്‍തോറും കയറുന്ന രാഷ്ട്രീയകക്ഷികള്‍ക്കു തങ്ങളുടെ സ്ഥാനാര്‍ഥിയെയും ചിഹ്നത്തെയും പരിചയപ്പെടുത്തുവാനും വോട്ട് ചെയ്യേണ്ട വിധം വോട്ടര്‍ക്കു മനസിലാക്കികൊടുക്കാനും അനസ് നിര്‍മിച്ച മെഷീന്‍ സഹായിക്കും.
കുട്ടനാട്ടിലെ എന്‍സിപി സ്ഥാനാര്‍ഥി തോമസ് ചാണ്ടി, അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷേയ്ക്ക് പി ഹാരിസ്, ഹരിപ്പാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമേശ് ചെന്നിത്തല, വി.എസ്. സുനില്‍കുമാര്‍ തുടങ്ങി പ്രമുഖരായ സ്ഥാനാര്‍ഥികളുടെ ഓര്‍ഡര്‍ ഇതിനോടകം ലഭിച്ചുകഴിഞ്ഞു. വീടിനു സമീപം തന്നെയാണ് അനസിന്റെ സ്ഥാപനവും. ഭാര്യ: ജാസ്മിന്‍. മക്കള്‍: സല്‍മാന്‍, മുഹ്‌സിന.