തൃക്കരിപ്പൂര്‍: ഒളവറയില്‍ യുവാക്കള്‍ക്കു നേരെ കത്തിവീശലും പെട്രോള്‍ ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമവും നടന്നു. പരിക്കേറ്റ അഞ്ചു പേരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളവറയിലെ എം.മുഹമ്മദ് അഷ്കറി(19)ന് കത്തിവീശലിലും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ വി.മുഹമ്മദി(17)നെ പെട്രോള്‍ ഒഴിച്ചു കത്തിക്കാനുള്ള ശ്രമത്തില്‍ ഓടി വീണുമാണു പരിക്കേറ്റത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കെ.മുഹമ്മദ് അസസ്(17),വി.മുഹമ്മദ് അഷ്കര്‍(19), പി.മുഹമ്മദലി ഷിഹാബുദീന്‍(18)എന്നിവര്‍ക്കും വീണ് പരിക്കേറ്റു.
ഇന്നലെ രാത്രി എട്ടോടെ ഒളവറ റെയില്‍വേ ഗേറ്റിനടുത്ത് വച്ച് മദ്യപിച്ചെത്തിയ ഒരു സംഘം തങ്ങളെ അക്രമിക്കുകയായിരുന്നുവെന്നാണ് ഇവര്‍ ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യാന്‍ എത്തിയപ്പോഴാണ് 10 പേര്‍ ചേര്‍ന്നെത്തിയ സംഘം ആദ്യം എം.മുഹമ്മദ് അഷ്കറിന് നേരെ കത്തി വീശുകയും ഇടതു കൈക്ക് മുറിവേല്‍പ്പിക്കുകയും ചെയ്തത്.
ഇതു കണ്ടു രക്ഷപ്പെടാന്‍ ശ്രമിച്ച വി.മുഹമ്മദിനെ പിടിച്ചു നിര്‍ത്തി പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നുമാണ് ഇവര്‍ പറയുന്നത്. മറ്റുള്ളവര്‍ ഓടുന്നതിനിടയില്‍ വീണു പരിക്കേല്‍ക്കുകയായിരുന്നു. ഒളവറയിലെ സനൂപ്, സജൂപ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നു പരാതിയില്‍ പറയുന്നു. പോലീസ് അന്വേഷണം തുടങ്ങി.