റിയോ ഡി ഷാനെറോ: റിയോ ഒളിമ്പിക്‌സിനെത്തിയ ഇന്ത്യന്‍ ടീമിനൊപ്പം ഭാഗ്യവും അകമ്പടിയായുണ്‌ടെന്ന തോന്നലുണര്‍ത്തി ഇന്ത്യ ക്വാര്‍ട്ടറിലെത്തി. ശക്തരായ ഹോളണ്ടിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോറ്റതോടെ ഇന്ത്യയുടെ മുന്നോട്ടുള്ള പോക്കില്‍ കരിനിഴല്‍ വീണിരുന്നു. എന്നാല്‍ ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പില്‍ സാധ്യതകളുണ്ടായിരുന്ന അര്‍ജന്റീന നിര്‍ണായകമായ മത്സരത്തില്‍ ജര്‍മനിയോട് സമനില (4-4) വഴങ്ങിയതോടെയാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യ നാളെ കാനഡയെ നേരിടും. എന്നാല്‍ കാനഡ നേരത്തേ പുറത്തായതിനാല്‍ മത്സരം അപ്രസക്തമാണ്. എങ്കിലും ത്രസിപ്പിക്കുന്ന വിജയം നേടി ആത്മവിശ്വാസത്തോടെ ക്വാര്‍ട്ടറിനിറങ്ങാനാകും ശ്രീജേഷും സംഘവും ശ്രമിക്കുക. ഗ്രൂപ്പ് ബി യില്‍ ഹോളണ്ടും ജര്‍മനിയും ക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്. അര്‍ജന്റീനയും അയര്‍ലന്‍ഡും തമ്മിലുള്ള അവസാന മത്സരത്തിലെ വിജയികള്‍ നാലാമതായി ക്വാര്‍ട്ടറിലെത്തും.
1980 മോസ്‌കോ ഒളിമ്പിക്‌സിനുശേഷം ആദ്യമായാണ് ഇന്ത്യ ഒളിമ്പിക് ഹോക്കിയില്‍ ക്വാര്‍ട്ടറിലെത്തുന്നത്. മോസ്‌ക്കോ ഒളിമ്പിക്‌സു വരെ എട്ടു തവണ സ്വര്‍ണ മെഡല്‍ നേടിയിരുന്ന ഇന്ത്യന്‍ ഹോക്കി ടീമിന് പിന്നീട് രണ്ടാം റൗണ്ട് മത്സരം എന്നത് സ്വപ്നങ്ങള്‍ മാത്രമായി. ഇത്തവണ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും രണ്ട് തോല്‍വിയുമാണ് ഇന്ത്യയുടെ സമ്പാദ്യം.