കഴുതപ്പാല്‍ നല്ലതാട്ടോ! കഴുതപ്പാല്‍ വില്ക്കുന്നത് 50 രൂപയ്്ക്ക്, ബംഗളൂരു നഗരത്തിലെ സൂപ്പര്‍ പാല്‍ കച്ചവടക്കാരനെ പരിചയപ്പെടൂ…

donkyകൃഷ്ണപ്പയെയും അയാളുടെ കഴുതയെയും കണ്ടാല്‍ ചില ബംഗളൂരു നിവാസികള്‍ ഓടിയെത്തും. കാരണം കഴുതയുടെ പാല്‍ വില്പനയാണ് കൃഷ്ണപ്പയുടെ ബിസിനസ്. 50 രൂപയ്ക്കാണ് അയാള്‍ പാല്‍ വില്‍ക്കുന്നത്. കുട്ടികള്‍ക്ക് കഴുതയുടെ പാല്‍ നല്കുന്നത് നല്ലതാണെന്ന വിശ്വാസമാണ് കൃഷ്ണപ്പയുടെ ബിസിനസിനാധാരം. നവജാത ശിശുക്കള്‍ക്ക് കഴുതയുടെ പാല്‍ നല്കുന്നത് നല്ലതാണെന്ന പരമ്പരാഗത അറിവുകളാണ് ഇതിനു പിന്നില്‍. ദിവസേന ഓരോ പ്രദേശത്തുകൂടി കഴുതയുമായി സഞ്ചരിക്കുന്ന കൃഷ്ണപ്പ ഉച്ചത്തില്‍ കഴുതപ്പാലിന്റെ മാഹാത്മ്യവും വിളിച്ചു പറയുന്നുണ്ട്.

ആസ്ത്മ, ജലദോഷം, ചുമ എന്നിവ ശമിപ്പിക്കാനും കുട്ടികള്‍ക്ക് രോഗപ്രതിരോധശേഷി ലഭിക്കാനും ഇത് നല്ലതാണെന്നാണ് അയാള്‍ പറയുക. ഇത് അയാളുടെ ബിസിനസ് തന്ത്രം മാത്രമല്ല. കഴുതയുടെ പാല്‍ മുലപ്പാലിനു സമമാണെന്ന് നിരവധി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഡെയറി സയന്‍സസ് സ്‌പെഷല്‍ ഓഫീസര്‍ എച്ച്.എം. ജയപ്രകാശ് അവകാശപ്പെടുന്നു. മുലപ്പാലിലുള്ള ലൈസോസൈം പോലെയുള്ള ആന്റി-മൈക്രോബിയല്‍ ഘടകങ്ങള്‍ കഴുതപ്പാലിലുമുണ്ട്. കുട്ടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങളും ഇതിലുണ്ടെന്ന് അദ്ദേഹം പറയുന്നു.

കര്‍ണാടകത്തിലെ ചില ഗ്രാമങ്ങളില്‍ നവജാത ശിശുക്കള്‍ക്ക് അമ്മയുടെ പാല്‍ കൂടാതെ കഴുതയുടെ പാലും കൊടുക്കാറുണ്ട്. മാത്രമല്ല അമ്മയ്ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ കുട്ടികള്‍ക്ക് പകരം നല്കുന്നത് കഴുതപ്പാലാണ്. എന്നാല്‍, പാലുത്പാദനത്തിനുവേണ്ടി മാത്രം കഴുതകളെ വളര്‍ത്താന്‍ പറ്റില്ല. അതേസമയം, ന്യൂട്രീഷണല്‍ സയന്‍സില്‍ ഇത്തരത്തിലൊരു വിവരം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് ന്യൂട്രീഷനിസ്റ്റുകളുടെ വാദം.

Related posts