ഒാട്ടോറിക്ഷകള്‍ക്ക് കെഎംസി നമ്പര്‍: പെരുമാറ്റചട്ടലംഘനമെന്ന്

knr-autoകണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ മുന്‍ മുനിസിപ്പല്‍ അതിര്‍ത്തിയില്‍ ഒാട്ടോകള്‍ പാര്‍ക്ക് ചെയ്ത് ഓടിക്കുന്നതിന് പുതുതായി 100 കെഎംസി നമ്പര്‍ അനുവദിക്കാനുള്ള ആര്‍ടിഒയുടെ തീരുമാനം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപണം. ഇടനിലക്കാരനായ മുന്‍ നഗരസഭാ കൗണ്‍സിലറും ചില സ്ഥാപിത താല്‍പര്യക്കാരായ കോണ്‍ഗ്രസ് രാഷ്ട്രീയ നേതാക്കളും സമ്മര്‍ദം ചെലുത്തിയെടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോലേബര്‍ യൂണിയന്‍ (സിഐടിയു) ആര്‍ടിഒയ്ക്ക് നിവേദനം നല്‍കി.

മുനിസിപ്പല്‍ നമ്പറില്ലാതെ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ വിഷയം സംബന്ധിച്ച് മേയര്‍ ഇ.പി. ലത കഴിഞ്ഞ ഫെബ്രുവരി 22ന് വിളിച്ചുചേര്‍ത്ത യോഗത്തിന്റെ തീരുമാനത്തിന്റെ ലംഘനം കൂടിയാണിത്. ഡപ്യൂട്ടി മേയര്‍, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൗണ്‍സിലര്‍മാര്‍, ആര്‍ടിഒ പ്രതിനിധി, ട്രാഫിക് എസ്‌ഐ, വിവിധ ഓട്ടോറിക്ഷാ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ ഒരു സബ് കമ്മിറ്റിയുണ്ടാക്കി രണ്ടു മാസത്തിനുശേഷം പ്രശ്‌നങ്ങള്‍ പഠിച്ച് പുതുതായി പാര്‍ക്കിംഗ് സ്റ്റാന്‍ഡ് കണ്ടെത്തിയും ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കാമെന്ന തീരുമാനം നിലനില്‍ക്കെ ആര്‍ടിഒയുടെ തീരുമാനം അഴിമതിക്ക് കൂട്ടുനില്‍ക്കലാണ്.

പ്രസ്തുത തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ഓട്ടോ ലേബര്‍ യൂണിയന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. യൂണിയന്‍ ഭാരവാഹികളായ എ.വി. പ്രകാശന്‍, എ. ജ്യോതീന്ദ്രന്‍, സി. ഷരീഫ്, കെ. പ്രവീണ്‍, വി.സി. നൗഷാദ്, എന്‍. അജിത്ത്, ടി. ഷാജി, പി. മനോഹരന്‍, പി.എം. വത്സരാജ്, പി. ശ്രീജിത്ത് എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

Related posts