കൊട്ടാരക്കര: ഓണവിപണി ലക്ഷ്യംവെച്ച് ലഹരി വസ്തുക്കളുടെ സംഭരണവും ഉല്‍പാദനവും തകൃതിയായി നടന്നുവരുന്നതായി സൂചനകള്‍. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഓണക്കാലം ദുരന്തങ്ങള്‍ക്കു വഴിമാറുമെന്ന് പോലീസ് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗങ്ങളുടെ മുന്നറിയിപ്പുണ്ട്. ഓണക്കാലം ലക്ഷ്യമിട്ട് സ്പിരിറ്റിന്റെ വരവും സംഭരണവും വളരെ നേരത്തെ ആരംഭിച്ചു. തെക്കന്‍ ജില്ലകളില്‍ പലഭാഗത്തു നിന്നും അടുത്തകാലത്തായി സ്പിരിറ്റു പിടികൂടിയത് ഇതിനു തെളിവാണ്. എത്തിച്ചേര്‍ന്നിട്ടുളള സ്പിരിറ്റ് മദ്യരാജാക്കന്‍മാരുടെ രഹസ്യ ഗോഡൗണുകളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികളും ഇഷ്ടികചൂളകളും മറ്റുമാണ് സംഭരണത്തിനായി ഉപയോഗിച്ചു വരുന്നത്.
സംഭരിക്കപ്പെടുന്ന സ്പിരിറ്റിന്റെ നല്ലൊരുഭാഗം ഓണക്കാല വില്‍പനക്കുളള വ്യാജ വിദേശ മദ്യമായി മാറ്റപ്പെടും. ഏതു ബ്രാന്റിലുളള മദ്യവും നിര്‍മിക്കുന്നതിനുളള സാങ്കേതിക വിദ്യ നിലവിലുണ്ട്. ഈ വ്യാജനിര്‍മിത വിദേശമദ്യം ബാറുകള്‍ വഴിയും വ്യാജ മദ്യ വില്‍പനക്കാര്‍ വഴിയും ഓണക്കാലത്ത് വന്‍ തോതില്‍ വിറ്റഴിക്കപ്പെടുമെന്നാണ് സൂചനകള്‍. ജീവനക്കാരുടെ സഹായത്തോടെ സര്‍ക്കാര്‍ മദ്യ വില്‍പനശാലകളിലും ഇത് കടന്നു കൂടാനുളള സാധ്യത തളളിക്കളായാനാകില്ല. നിലവാരമില്ലാത്ത ബാറുകള്‍ നിര്‍ത്തലാക്കിയതോടെ മദ്യ ലഭ്യത കുറഞ്ഞത് വ്യാജമദ്യ വില്‍പനയുടെ സാധ്യത വര്‍ധിപ്പിച്ചിട്ടുളളതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബോധ്യമുണ്ട്. ഓണക്കാലത്ത് ഇതിന്റെ സാധ്യത ഇരട്ടിക്കുമെന്നും ഇവര്‍ക്കറിയാം. ഈ അവസരം പരമാവധി മുതലാക്കാനുളള ശ്രമങ്ങളാണ് നടന്നു വരുന്നത്. ഷാപ്പുകളില്‍ വ്യാജകളളു നിര്‍മിക്കുന്നതിനും സ്പിരിറ്റ് ഉപയോഗപ്പെടുത്തിവരുന്നു.
ഓണത്തിന് കളളു വില്‍പന വര്‍ധിക്കുമെന്നതിനാല്‍ ആവശ്യത്തിനു സ്പിരിറ്റ് ഇക്കൂട്ടരും സംഭരിച്ചിട്ടുണ്ട്. കഞ്ചാവിന്റെ ഉപഭോഗം വലിയ രീതിയിലാണ് വര്‍ധിച്ചിട്ടുളളത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ രണ്ടു മാസത്തിനുളളില്‍ ടണ്‍ കണക്കിന് കഞ്ചാവാണ് എത്തിച്ചേര്‍ന്നിട്ടുളളത്. ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതിന്റെ വില്‍പന തൊഴിലായി സ്വീകരിച്ചു വരുന്ന പുതു തലമുറയും വര്‍ധിച്ചുവരുന്നു. മദ്യത്തിന്റെ ലഭ്യത കുറഞ്ഞിടത്താണ് കഞ്ചാവ് വിജയം കൈവരിക്കുന്നത്. മദ്യത്തേക്കാള്‍ വിലക്കുറവും ലഹരികൂടുതലും വാങ്ങിക്കാനും ഉപയോഗിക്കാനുമുളള സൗകര്യക്കൂടുതലുമാണ് കഞ്ചാവു വ്യാപാരം വര്‍ധിക്കുന്നതിന്റെ വിജയ രഹസ്യം.
ഓണക്കാലം ലക്ഷ്യമിട്ട് കഞ്ചാവ് സംഭരണവും വില്‍പന ശൃംഖയുടെ വ്യാപനവും നടന്നു വരുന്നുണ്ട്. നിലച്ചിരുന്ന വ്യാജവാറ്റും വില്‍പനയും പല മേഖലകളിലും പുനരാരംഭിച്ചിട്ടുണ്ട്. കുറകാലമായി ലഭ്യമല്ലാതിരുന്ന നാടന്‍ ചാരായത്തിന് ഇപ്പോള്‍ വലിയ ഡിമാന്റാണ്. വയല്‍ വരുമ്പുകളിലും ഇടവഴികളിലുമുണ്ടായിരുന്ന ഒഴിപ്പുകേന്ദ്രങ്ങള്‍ ഇപ്പോഴില്ല. ആവശ്യക്കാര്‍ക്ക് കുപ്പികളില്‍ നിറച്ച് സാധനം എത്തിച്ചു കൊടുക്കുകയാണ് പതിവ്. വിലയും വര്‍ധിച്ചിട്ടുണ്ട്. മുന്‍പ് നൂറു രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 500 രൂപവരെയാണ് കുപ്പിക്കു വില. ഓണക്കാലമാകുമ്പോള്‍ ഇതിന്റെ വില്‍പനയും വ്യാപകമാകും. വ്യാജനും കടന്നുകൂടും. ലഹരി അരിഷ്ട വില്‍പനക്കാരും ഓണക്കാല വില്‍പനക്കു തയാറെടുക്കുകയാണ്.
ലഹരി വര്‍ധിപ്പിക്കാന്‍ സ്പിരിറ്റും രാസവസ്തുക്കളും ചേര്‍ന്ന അരിഷ്ടമായിരിക്കും വിപണിയിലെത്തുക. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രതിരോധങ്ങളെക്കാള്‍ ദുരന്തങ്ങളൊഴിവാക്കാന്‍ സ്വയംപ്രതിരോധമാണ് അനിവാര്യമെന്ന് നിയമപാലകര്‍ വ്യക്തമാകുന്നു. എന്നാല്‍ ലഭ്യത വര്‍ധിക്കുന്നത് ഈ സ്വയം പ്രതിരോധത്തിന് വിലങ്ങു തടിയാകുന്നുണ്ട്. പുതിയ എക്‌സൈസ് കമ്മീഷണറായി ഋഷിരാജ് സിംഗ് അധികാര മേറ്റതോടെ എക്‌സൈസ് വിഭാഗം ഉഷാറായിട്ടുണ്ട്.
എന്നാല്‍ കഞ്ചാവിലും മയക്കു മരുന്നിലുമാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുളളത്. ഇതു മൂലം വ്യാജമദ്യ നിര്‍മ്മാണവും വിപണനവും വളരുന്നു. എഴുകോണില്‍ അടുത്തകാലത്ത് കഞ്ചാവ് വേട്ടക്കിറങ്ങിയ എക്‌സൈസിന് കഞ്ചാവിനൊപ്പം വ്യാജനിര്‍മിത വിദേശമദ്യവും കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നു.