ഓര്‍മച്ചന്തയില്‍ കാണാം മങ്ങിയ കാഴ്ചകള്‍

tcr-ormachanda

എ.ജെ. വിന്‍സന്‍

വലപ്പാട് (തൃശൂര്‍): ഓര്‍മയില്‍നിന്ന് വരച്ചെടുത്ത ചിത്രങ്ങള്‍കൊണ്ടൊരു ഡോക്യുമെന്ററി. ഫേസ്ബുക്കില്‍ ഇമ ബാബു വരച്ച ഓര്‍മച്ചന്തയിലെ ചിത്രങ്ങളാണ് ഇനി ഡോക്യുമെന്ററിയും പിന്നെ പുസ്തകവുമാകുന്നത്.ഫോട്ടോഗ്രാഫറും ഡോക്യുമെന്ററി ഹ്രസ്വചിത്ര സംവിധായകനുമായ ഇമ ബാബു അരമണിക്കൂര്‍ മാത്രമുള്ള ‘ഓര്‍മച്ചന്ത’ സംവിധാനം ചെയ്തത്. ഡോക്യുമെന്ററിയില്‍ പണ്ടുകാലത്ത് വലപ്പാട് ചന്തയുമായി ബന്ധപ്പെട്ടിരുന്ന 28 പേരുടെ അഭിമുഖങ്ങളാണ് മറ്റൊരു കൗതുകം. ഇതില്‍ പണ്ട് പായക്കച്ചവടം നടത്തിയിരുന്ന കോതകുളം ബീച്ചിലെ 65 കാരിയായ ജാനകി, കട നടത്തിയിരുന്ന സെയ്തുക്ക (75), ചന്തയിലെത്തിയിരുന്ന അബു (70) എന്നിവരുള്‍പ്പെടെ അവരവര്‍ കൈവച്ച മേഖലയിലെ വിശേഷങ്ങള്‍ ഡോക്യുമെന്ററിയില്‍ പങ്കുവയ്ക്കുന്നുണ്ട്്.

സൈക്കിള്‍ യജ്ഞം, റിക്കാര്‍ഡ് ഡാന്‍സ് നടത്തുന്ന രാമകൃഷ്ണന്‍,  അത് കഴിഞ്ഞുള്ള ലേലംവിളി എന്നിവയെല്ലാമുണ്ട്. ഇനിയല്പം ഫഌഷ് ബാക്ക്,… പണ്ട് വലപ്പാട് ചന്തപ്പടിയില്‍ ഇമബാബുവിന്റെ അച്ഛാച്ചന്റെ ‘പാറന്‍സ്’ എന്ന ചായക്കടയുണ്ടായിരുന്നു. കാല്‍നൂറ്റാണ്ട് മുമ്പായിരുന്നു അത് . ഇപ്പോഴില്ല. അന്ന് ചായക്കടയില്‍ കുട്ടിയായിരുന്ന ഇമ ബാബുവുമുണ്ടാകും. കുട്ടിക്കാലത്ത് ചായക്കടയില്‍വച്ച് കണ്ട 120 പേരുടെ ചിത്രങ്ങളാണ് ഓര്‍മകളില്‍നിന്ന് ഇമബാബു വരച്ചെടുത്തത്. ഈ രേഖാചിത്രങ്ങള്‍ വരികളോടൊപ്പം ഇമബാബു ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഓര്‍മച്ചന്ത പ്രാദേശിക ചരിത്രരചനയുടെ വേറിട്ട മറ്റൊരു വഴി.

ഓര്‍മകളില്‍നിന്ന് ഗൃഹാതുരത്വമുണര്‍ത്തുന്ന ചിത്രങ്ങളും അനുഭവങ്ങളും വരച്ചെടുക്കുന്ന രീതി ഒരു പേക്ഷ പ്രാദേശിക ചരിത്രരചനയിലും അതൊരു ഡോക്യുമെന്ററിയാകുന്നതും പുസ്തകമാകുന്നതും അപൂര്‍വമാകാം. മിഴിവും തെളിവുമുള്ള ഓര്‍മകളെ കൂട്ടിച്ചേര്‍ത്താണ് ചന്ത വലുതാക്കിയത്. ‘ഓര്‍മച്ചന്ത’ ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം തൃപ്രയാര്‍ ശ്രീരാമ തീയറ്ററില്‍ നാളെ രാവിലെ പത്തിന് നടത്തും. ഇതിനോടൊപ്പം വടകര സഫ്്ദര്‍ ഹാഷ്മി നാട്യസംഘത്തിന്റെ അവാര്‍ഡ് ലഭിച്ച മണിലാല്‍ രചനയും ഇമബാബു സംവിധാനവും നിര്‍വഹിച്ച ‘പക്ഷിസങ്കേതം’ എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും.

തൃപ്രയാര്‍ ജനചിത്ര ഫിലിം സൊസൈറ്റിയാണ്  സംഘടിപ്പിക്കുന്നത്. ‘കാക്ക’ എന്ന പേരില്‍ ഇമബാബു സംവിധാനം ചെയ്ത പത്ത് മിനിറ്റുള്ള ഹ്രസ്വചിത്രം കേരളത്തിനു പുറമേ മുംബൈ, ഗള്‍ഫ് രാജ്യങ്ങളിലുമായി 25 സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.  ഇപ്പോള്‍ ഇത് യുട്യൂബിലും ധാരാളം പേര്‍ കാണുന്നു.  മറ്റൊരു ഹ്രസ്വചിത്രമായ ‘പക്ഷി സങ്കേതം’ നാട്ടിക സഹകരണ ബാങ്ക് ഹാളില്‍ തുടര്‍ച്ചയായി അവതരിപ്പിച്ചത്  24 പ്രാവശ്യമാണ്.

Related posts