കക്കൂസിന് എരുമേലിയില്‍ അപേക്ഷകര്‍ 747: വേണ്ടത് 1.15 കോടി

ktm-toiletഎരുമേലി: ശൗചാലയം ഇല്ലാത്തവര്‍ അപേക്ഷ നല്‍കിയാലുടന്‍ കാര്യം സാധിച്ചുകിട്ടുമെന്ന അറിയിപ്പ് നല്‍കിയ ശുചിത്വമിഷന് എരുമേലി പഞ്ചായത്തില്‍ നിന്ന് അപേക്ഷകളുടെ പ്രവാഹം. ജില്ലയില്‍ ഏറ്റവുമധികം അപേക്ഷകര്‍ എരുമേലിയില്‍ നിന്നാണ്. 747 അപേക്ഷകള്‍ ലഭിച്ചെന്നും ഇനിയും ഇരുനൂറോളം പേര്‍ അപേക്ഷ നല്‍കാനുണെ്ടന്നും അറിയിച്ചതോടെ അധികൃതര്‍ വെട്ടിലായി.

ശൗചാലയം സ്വന്തമായി ഇല്ലാത്ത ആയിരത്തോളം പേര്‍ തീര്‍ഥാടനകാലത്ത് കക്കൂസുകളുടെ വാണിജ്യകേന്ദ്രമായ എരുമേലിയിലുണെ്ടന്നുള്ളത് അവിശ്വസനീയമാണെന്ന് അധികൃതര്‍ വിലയിരുത്തി. എല്ലാവര്‍ക്കും ശൗചാലയമെന്ന സര്‍ക്കാര്‍ പദ്ധതിയിലാണ് അപേക്ഷകള്‍ ക്ഷണിച്ചത്. ഒരു ശൗചാലയം നിര്‍മിക്കാന്‍ 15400 രൂപയാണ് നല്‍കുക. കേരളപ്പിറവി ദിനമായ അടുത്ത നവംബര്‍ ഒന്നിന് സമ്പൂര്‍ണ ശൗചാലയമായി പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.

നിലവില്‍ എരുമേലിയിലെ അപേക്ഷകര്‍ക്ക് ഫണ്ട് നല്‍കണമെങ്കില്‍ മൊത്തം 1.15 കോടിയില്‍പരം രൂപ നല്‍കണം. മറ്റ് പഞ്ചായത്തുകളേക്കാള്‍ ഇരട്ടിയിലേറെയാണിത്. ഇത്രയും തുക നല്‍കാന്‍ പ്രയാസമായതിനാലും അനര്‍ഹര്‍ കൂടുതലായി അപേക്ഷകളില്‍ ഉള്‍പ്പെട്ടതായി സംശയം ശക്തമായതിനാലും അര്‍ഹരായവരെ കണെ്ടത്താനുള്ള തീവ്ര ശ്രമത്തിലാണിപ്പോള്‍ ശുചിത്വമിഷനും ജനപ്രതിനിധികളും. അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിച്ച് അപേക്ഷകരുടെ വാസസ്ഥലം സന്ദര്‍ശിച്ച് അര്‍ഹരെ കണെ്ടത്താനാണ് തീരുമാനം.

Related posts