കഞ്ചാവ് വില്പന നടത്തിയ രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയില്‍; ഇവരുടെ പക്കല്‍ നിന്നും അരകിലോ കഞ്ചാവും പിടിച്ചെടുത്തു

ktm-kachavu-arrestകോട്ടയം: ഇതരസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ കഞ്ചാവ് വില്പന നടത്തിയിരുന്ന രണ്ടു ഒഡീഷ സ്വദേശികളെ എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡ് പിടികൂടി. രാജ്‌സിംഗ് (25), ചന്ദന്‍ദാസ് (39) എന്നിവരാണ് എക്‌സൈസ് ഷാഡോ ടീമിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും അരകിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടിയില്‍ ഒറീസയില്‍ നിന്നും കേരളത്തിലേക്കു വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ച എക്‌സൈസ് അധികൃതര്‍ സംക്രാന്തി, ഗാന്ധിനഗര്‍ മേഖലയില്‍ രഹസ്യ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. ഒഡീഷ ഭാഷ സംസാരിക്കുന്നവര്‍ക്കു യാതൊരു മടിയും കൂടാതെ കഞ്ചാവ് നല്കുന്ന രീതിയിലായിരുന്നു ഇവരുടെത്.

ഇതു മനസിലാക്കിയ ഉദ്യോഗസ്ഥര്‍ വേഷം മാറി കഞ്ചാവ് വാങ്ങാന്‍ എന്ന വ്യാജേന എത്തിയാണു ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവ് ഗുണത്തിലും നിറത്തിലും വ്യത്യാസമുള്ളതാണെന്നും ഹാഷിഷ് ഓയില്‍ എടുത്തശേഷമുള്ളതാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായ ഒറീസ സ്വദേശികളെ ദ്വിഭാഷയുടെ സഹായത്തോടെ കൂടുതല്‍ ചോദ്യം ചെയ്തുവരുകയാണ്.

Related posts