കടകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത പകല്‍ കള്ളനെ പിടികൂടി

klm-arrestമാള: ടൗണിലും പരിസരപ്രദേശങ്ങളിലേയും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത പകല്‍ കള്ളന്‍ പിടിയിലായി. ഇന്നലെ പറവൂരില്‍ വച്ചാണ് ഇയാളെ പോലീസ് കൈയോടെ പിടികൂടിയത്.     പ്രതി ചെറായി സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് തയാറായില്ല. പട്ടാപകല്‍ ഉടമസ്ഥര്‍ മാത്രം ഉള്ള കടകളില്‍ എത്തി സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന ഓര്‍ഡറുകള്‍ നല്‍കുകയും ഉടമസ്ഥര്‍ സാധനങ്ങള്‍ എടുക്കാന്‍ തിരിയുമ്പോള്‍ മേശയില്‍ നിന്നും പണം അപഹരിച്ച് ബൈക്കില്‍ കടന്ന് കളയുന്നതാണ് ഇയാളുടെ രീതി.

മാള, അന്നമനട, അഷ്ടമിച്ചിറ, കൃഷ്ണന്‍കോട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാത്രം കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ മോഷണം നടത്തിയിരിക്കുന്നത് ലക്ഷങ്ങളാണ്. മാള പോലീസ് സ്‌റ്റേഷന്‍ മുന്നിലെ രണ്ട് കടകളില്‍ നിന്നായി 30,000ത്തോളം രൂപയാണ് ഇയാള്‍ മോഷ്ടിച്ചത്.മാളയില്‍ നിരന്തരം മോഷണം നടന്നിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. പറവൂര്‍ ടൗണില്‍ സമാനരീതിയില്‍ മോഷണം നടത്തുമ്പോള്‍ നാട്ടുകാര്‍ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. പോലീസ് ഇയാളെ ഇന്നലെ മാള ടൗണില്‍ തെളിവെടുപ്പ് കൊണ്ടുവന്നിരുന്നു. തൃശൂര്‍, എറണാകുളം ജില്ലകളില്‍ മാത്രമായി മുപ്പതോളം കേസുകളില്‍ പ്രതിയാണ് പിടിയിലായിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

Related posts