നേമം : കടക്കെണിയിലാണ് ഓട്ടോ ഡ്രൈവറായ രവി. എന്നാല്‍, രണ്ടുദിവസം മുമ്പ് തന്റെ ഓട്ടോയില്‍ യാത്ര ചെയ്ത ദമ്പതികള്‍ മറന്നുവച്ച 30 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കണ്ട് രവിയുടെ കണ്ണു മഞ്ഞളിച്ചില്ല. ആഭരണങ്ങള്‍ ഉടമയെ കണ്ടെത്തി നല്കുന്നതിന് പോലീസ് കണ്‍ട്രോള്‍ റൂമിലെത്തി വിവരം ധരിപ്പിക്കുന്നതുവരെ പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി പൂഴിക്കുന്ന് രവി (46)ക്ക് വിശ്രമമില്ലായിരുന്നു. ശനിയാഴ്ച വൈകുന്നേരം നാലിനാണ് അട്ടകുളങ്ങര നിന്ന് യാത്രക്കാരന്‍ ഓട്ടം വിളിച്ചത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതിന് ശേഷമാണ് ബാഗ് എടുക്കാന്‍ മറന്ന വിവരം യാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിനിടെ തന്റെ ഓട്ടോയില്‍ സ്വര്‍ണം അടങ്ങിയ ബാഗ് ഉണ്ടെന്ന് അറിയാതെ വൈകുന്നേരം ആറര വരെ രവി ഓട്ടം തുടര്‍ന്നു. ഇതിനകം പലരും ഓട്ടോയില്‍ കയറുകയും ചെയ്തു.
ആറര കഴിഞ്ഞ് ഓട്ടം മതിയാക്കി രവി വീട്ടിലെത്തിയപ്പോഴാണ് ഓട്ടോയുടെ പിറകുവശത്ത് ബാഗ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വിവരം ഭാര്യയോട് പറയുകയും ബാഗ് പരിശോധിച്ചപ്പോള്‍ തുണികള്‍ക്കിടയില്‍ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പെട്ടി കണ്ടു. ഉടനെ പോലീസുകാരനായ സുഹൃത്ത് ജയനെ ബന്ധപ്പെടുകയും സുഹൃത്തിന്റെ നിര്‍ദേശമനുസരിച്ച് പോലീസ് കണ്‍ട്രോള്‍ റൂമിലെത്തി ബാഗ് എസ്‌ഐ രാജ അസീസിന് കൈമാറി. തുടര്‍ന്ന് പോലീസ് വയര്‍ലസ് സെറ്റിലൂടെ സന്ദേശം കൈമാറിയതിനെ തുടര്‍ന്ന് ദമ്പതികളായ സെന്തില്‍, അനീഷ എന്നിവരെത്തി ബാഗ് ഏറ്റുവാങ്ങിയത്.
രവിയുടെ സത്യസന്ധതയെ അഭിനന്ദിക്കാന്‍ നാട്ടുകാരും ബന്ധുക്കളും വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും കഴിഞ്ഞ ദിവസം പൂഴിക്കുന്ന് സായിസൂര്യയില്‍ എത്തി. ഓട്ടോക്കാര്‍ക്കിടയിലും നാട്ടിലും താരമാണ് പൂഴിക്കുന്ന് രവി ഇപ്പോള്‍. പത്തു ലക്ഷം രൂപയുടെ കടക്കാരനാണ്. 19 വര്‍ഷം പ്രൈവറ്റ് ബസിലെ കണ്ടക്ടറായിരുന്നു. രണ്ടര വര്‍ഷം മുമ്പാണ് ഓട്ടോ ഡ്രൈവറായത്.