സ്വന്തം ലേഖകന്‍
കോഴിക്കോട്: പൂഴിത്തോട് ഉള്‍വനത്തിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പൂഴിത്തോട് നിന്നാണ് മൃതദേഹം കിട്ടിയത്. എന്നാല്‍ മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി 12.30ഓടെ നിര്‍ത്തിയ നിര്‍ത്തിയ തെരച്ചില്‍ ഇന്ന് രാവിലെ 6.30ഓടെ വീണ്ടും ആരംഭിച്ചപ്പോഴാണ് ഒരു മൃതദേഹം കൂടി കണ്ടെടുത്തത്. കക്കുഴിയുള്ള കുന്നുമ്മല്‍ ശശിയുടെ മകന്‍ ഷജിന്‍ ശശിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ പൂഴിത്തോട് ഭാഗത്തുനിന്നും കണ്ടെത്തിയത്. തൊട്ടില്‍പ്പാലം പാറക്കല്‍ രാമകൃഷ്ണന്റെ മകന്‍ രജീഷിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ കണ്ടെത്തിയിരുന്നു. ഇരു മൃതദേഹങ്ങളും അപകടസ്ഥലത്തുനിന്നും ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് കണ്ടെത്തിയത്. കുറ്റിയാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വട്ടുനല്‍കും.
ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് മലവെള്ളപ്പാച്ചിലില്‍ ആറുപേരെ കാണാതായത്. ഒമ്പത് പേരടങ്ങുന്ന സംഘമാണ് പൂഴിത്തോട് ജലവൈദ്യുത പദ്ധതിക്കടുത്ത കനാലിന്റെ അടുത്തുള്ള പശുക്കടവ് കടന്തറപുഴയില്‍ കുളിക്കാനെത്തിയിരുന്നത്. ഇതില്‍ മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍പ്പെട്ട ഭാഗങ്ങളാണ് പൂഴിത്തോട് ചെമ്പനോട മേഖലകള്‍. നാദാപുരം നിയോജക മണ്ഡലത്തില്‍പ്പെട്ട എക്കല്‍ ഭാഗത്തേയും ബന്ധിപ്പിച്ചാണ് കടന്തറ പുഴ ഒഴുകുന്നത്.
പുഴയിലിറങ്ങിയ സംഘത്തില്‍പ്പെട്ടവര്‍ ഇരുഭാഗത്തേക്കുമായി ഓടി മാറിയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. രണ്ടു പേര്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട് ഭാഗത്താണ് രക്ഷപ്പെട്ടെത്തിയത്. മലവെള്ളപ്പാച്ചില്‍ സംഭവിക്കുമ്പോള്‍ പൂഴിത്തോട് ചെമ്പനോട എക്കല്‍ മേഖലകളില്‍ മഴയില്ലായിരുന്നു. ഈ സാഹചര്യത്തില്‍ പുഴയെ ചുമപ്പിച്ചു പാഞ്ഞെത്തി നിറഞ്ഞുകവിഞ്ഞ ജലം കണ്ട് പുഴയോരവാസികള്‍ അമ്പരന്നു.
മഴയില്ലാത്ത ഉരുള്‍പൊട്ടലിനുപിന്നില്‍ മേഘസ്‌ഘോടനമാകാം കാരണമെന്ന സംശയമുയരുന്നുണ്ട്. അതേസമയം ഇന്നലെ രാത്രി വൈകിയും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് കനത്ത മഴവെള്ളപ്പാച്ചിലും പാറക്കെട്ടുകളും തടസം സൃഷ്ടിച്ചിരുന്നു. ചേലക്കാട് നിന്നുള്ള ഫയര്‍ഫോഴ്‌സും, കുറ്റിയാടിയില്‍നിന്ന് ആംബുലന്‍സും ഡോക്ടര്‍മാരുടെ സംഘവും, കുറ്റിയാടി, തൊട്ടില്‍പാലം പോലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലീസ് സംഘവുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. പുഴയോരത്തോടുചേര്‍ന്നുള്ള പലഭാഗത്തും വെളിച്ചമില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.