കടലാക്രമണം ശക്തമാവുന്നു; ആവിത്തോടിലെ ജലനിരപ്പ് ഉയര്‍ന്നു

kkd-kadalakramanamവടകര : വടകരയിലെ തീരപ്രദേശങ്ങളായ കൊയിലാണ്ടിവളപ്പ്, പുറങ്കര, ആവിക്കല്‍, മുകച്ചേരി ഭാഗം, കുരിയാടി എന്നിവിടങ്ങളില്‍  കടലാക്രമണം ശക്തമാവുന്നു. പല തവണ നാട്ടുകാര്‍ പരാതി പറഞ്ഞിട്ടും കടല്‍ഭിത്തിയുടെ പൂര്‍ണമായ പ്രവൃത്തി നടത്താന്‍ അധികൃതര്‍ക്ക് കഴിയാത്തതിന്റെ ദുരിതം അനുഭവിക്കുകയാണ് ഇവിടത്തുകാര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുകച്ചേരി ഭാഗത്ത് ഭിത്തി നിര്‍മിക്കാന്‍ ഫണ്ട് പാസ്സാക്കിയരുന്നു. എന്നാല്‍ മഴക്കു മുമ്പ് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ഇതുവരെ സാധിച്ചില്ല. കടല്‍ ഇവിടെ ചെറിയ ഭിത്തിയും കടന്ന് വീടുകളിലേക്ക് ഇരമ്പുകയാണ്.

മറ്റു പ്രദേശങ്ങളിലും ഇതാണവസ്ഥ. നിരവധി തവണ പരാതി അറിയിച്ചിട്ടും ഫണ്ട് നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. മാത്രമല്ല ഫണ്ട് വകയിരുത്തിയാല്‍ തന്നെ ഇവിടേക്ക് കല്ല് കൊണ്ടുപോകാനുള്ള വഴിയില്ലെന്നതും നിര്‍മ്മാണത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. ചില സമയങ്ങളില്‍ കടലിലുണ്ടാവുന്ന ശക്തമായ കാറ്റ് കാരണം രൂക്ഷമായ കടലാക്രമണമാണ് ഇവിടങ്ങളില്‍ ഉണ്ടാവുന്നത്. കുടുംബങ്ങള്‍ രാത്രി കാലങ്ങളില്‍ ഭീതിയോടെയാണ് കഴിയുന്നത്.  അതേസമയം കടലാക്രമണത്തെ തുടര്‍ന്ന് തിരയോടൊപ്പം മണല്‍ കരയിലേക്ക് അടിച്ചു കയറിയതിനാല്‍ ആവിത്തോട്ടില്‍ നിന്നു വെള്ളം കടലിലേക്ക് ഒഴുകിപ്പോകാനാവാത്ത സ്ഥിതിയായി. ജലനിരപ്പ് ഉയര്‍ന്നത് മൂലം ഇവിടെയുള്ള ഇരുപതോളം വീട്ടുകാര്‍ ദുരിതത്തിലാണ്. ആവിത്തോട്ടിലെ വെള്ളം ഉയര്‍ന്ന് ചുറ്റുമുള്ള വീടുകള്‍ക്ക് സമീപത്തെത്തിയിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ന്നത് മൂലം ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യമായി. കൊതുകു ശല്യവും വര്‍ധിച്ചതായി പ്രദേശവാസികള്‍ പറയുന്നു. എ.വി.പി ഹൗസില്‍ ഖമറുദ്ദീന്‍, സര്‍ജിന മന്‍സില്‍ സലീം, നിട്ടൂര്‍വളപ്പില്‍ മൂസ, പുതിയപുരയില്‍ ഖമറുദ്ദീന്‍, നിട്ടൂര്‍വളപ്പില്‍ മൊയ്തു, ചേരിക്കണ്ടി ഹംസ, നിട്ടൂര്‍വളപ്പില്‍ കുഞ്ഞാമി, ചേരിക്കണ്ടി കുഞ്ഞാഞ്ഞ, ഉരുണിന്റെവിട മൂസ എന്നിവരുടെ വീടുകളില്‍ ആവിത്തോട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ പ്രയാസം അനുഭവിക്കുകയാണ്. ആവിത്തോടിനും കടലിനുമിടയിലുള്ള ഭാഗത്ത് കടല്‍ തിരയോടൊപ്പം മണല്‍ നിക്ഷേപിക്കപ്പെടുന്നതിനാല്‍ തോട്ടിലെ വെള്ളം ഒഴിഞ്ഞു പോകാതെ കിടക്കുന്നതാണ് ജല നിരപ്പ് ഉയരാന്‍ കാരണമാകുന്നത്.

രണ്ട് തവണ മണല്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്‌തെങ്കിലും വീണ്ടും മണല്‍ വന്നു നിറഞ്ഞിരിക്കുകയാണ്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. ശ്രീധരന്‍ പ്രദേശം സന്ദര്‍ശിച്ചു. വടകരയിലെ മണല്‍ സൊസൈറ്റിയെ കൊണ്ടോ മറ്റോ ദിവസവും മണല്‍ നീക്കം ചെയത് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു നല്‍കി.  ഇവിടെ അഴീക്കല്‍ വളപ്പ് റഹീം, അഴീക്കല്‍ വളപ്പില്‍ നസീമ, അഴീക്കല്‍ വളപ്പില്‍ ആയിശ എന്നിവരുടെ വീടുകള്‍ കടലാക്രമണ ഭീഷണിയിലുമാണ്.നിലവിലുള്ള ഭിത്തി കടല്‍ കയറി താഴ്ന്നുപോയിട്ടുണ്ട്.ചെറിയ രീതിയിലുള്ള കടലാക്രമണത്തില്‍പോലും  കടല്‍ കയറുകയാണ്.

Related posts