ജോണ്‍സണ്‍ നൊറോണ
ആലപ്പുഴ: കങ്കാരുവിന്റെ നാട്ടില്‍നിന്നും കടല്‍ കടന്ന് കെവിന്‍ ടെയ്‌ലറും മകള്‍ സെനിയയും കേരളത്തിലെത്തി. ഇവിടത്തെ പ്രകൃതിഭംഗിയും സംസ്കാരവും കണ്ടറിയുക മാത്രമല്ല അവ പുസ്തകരൂപത്തിലാക്കുക എന്ന ഉദ്ദേശ്യവും ഇവരുടെ വരവിനു പിന്നിലുണ്ട്. അതിനായി തന്റെ പിതാവിനു ജന്മം നല്കിയ ആലപ്പുഴ തന്നെയാണ് കെവിന്‍ തെരഞ്ഞടുത്തത്. ഓസ്‌ട്രേലിയയില്‍ സ്വന്തം ബിസിനസ് സ്ഥാപനം ഉള്ള കെവിന്‍ ടെയ്‌ലര്‍ എന്ന 56 കാരന്റെ പിതാവ് പരേതനായ കെ.വി. രാജരത്‌നം ആലപ്പുഴയിലെ കല്യാക്കല്‍ കുടുംബത്തിലെ ഒരംഗമായിരുന്നു.
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു അഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പാണ് ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സില്‍ കെവിന്റെ പിതാവ് ജോലി നേടുന്നത്. പിന്നീട്, സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടപ്പോള്‍ രാജരത്‌നം ബംഗളൂരിലെ ഒരു കനേഡിയന്‍ കമ്പനിയില്‍ ജോലിക്കു കയറി. ഇതേ കമ്പനിയില്‍ ജീവനക്കാരനായിരുന്ന കെവിന്റെ അമ്മയുടെ സഹോദരനും രാജരത്‌നവുമായി സുഹൃത്തുക്കളായി. ഈ സൗഹൃദം കെവിന്റെ അമ്മയെയും രാജരത്‌നത്തെയും ഒന്നിപ്പിച്ചു. അങ്ങനെ കെവിന്റെ പിതാവ് ഓസ്‌ട്രേലിയയില്‍ എത്തുകയും അവിടെ എയര്‍ക്രാഫ്റ്റ് എന്‍ജിനിയറായി ജോലി നേടുകയും ചെയ്തു. ബാല്യകാലത്തു പിതാവിന്റെ കൈകളില്‍തൂങ്ങി നടക്കുമ്പോള്‍ ആലപ്പുഴയെയും കേരളത്തെയുംകുറിച്ചു കെവിന്‍ ധാരാളം കേട്ടിരുന്നു.
എന്നാല്‍, തന്റെ ആലപ്പുഴയിലെ കുടുംബത്തെക്കുറിച്ചു രാജരത്‌നം കെവിനോടു പറയുന്നത് കെവിന്റെ 39-ാം വയസിലാണ്. പിന്നീട് വര്‍ഷങ്ങള്‍ക്കുമുമ്പ് പിതാവിനോടൊപ്പം ആദ്യമായി കെവിന്‍ തന്റെ ആലപ്പുഴയിലെ കുടുംബവീട്ടിലെത്തി. പിതാവിന്റെ ബന്ധുക്കളെ കണ്ട കെവിന്‍ ഈ നാടിനെ ഏറെ ഇഷ്ടപ്പെട്ടു. 2009ല്‍ കാന്‍സര്‍ ബാധിതനായി പിതാവ് മരിച്ചതിനുശേഷം ഇതു രണ്ടാംതവണയാണ് കെവിന്‍ ഇവിടെ എത്തുന്നത്.
കഴിഞ്ഞ ജനുവരിയില്‍ ആലപ്പുഴയില്‍ എത്തിയ കെവിനും മകളും ആലപ്പുഴ തുമ്പോളിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇന്ത്യയിലെ തന്റെ കുടുംബത്തെക്കുറിച്ചും ഇവിടുത്തെ ജീവിതരീതികളെക്കുറിച്ചും എഴുതുന്ന തിരക്കിലാണ് കെവിന്‍ ഇപ്പോള്‍. സഹായത്തിനായി ഓസ്‌ട്രേലിയയില്‍ അഭിഭാഷകയായ മകള്‍ സെനിയ(28)യും കൂടെ ഉണ്ട്. അടുത്തമാസം കെവിന്റെ ഭാര്യയും മകളുടെ ഭര്‍ത്താവും ആലപ്പുഴയിലെത്തും. സെപ്റ്റംബര്‍മാസത്തോടെ തിരികെ ഓസ്‌ട്രേലിയയിലേക്കു മടങ്ങാനാണ് ഇവരുടെ തീരുമാനം. കെവിനു മകള്‍ സെനിയയെ കൂടാതെ രണ്ട് ആണ്‍മക്കള്‍ കൂടിയുണ്ട്. ഓസ്‌ട്രേലിയയില്‍ ഫാര്‍മസിസ്റ്റായ ലൂക്ക് ടെയ്‌ലറും, തോറന്റണ്‍ ടെയ്‌ലറും.