അലനല്ലൂര്‍: പഞ്ചായത്തിലെ കണ്ണംകുണ്ട് പുഴയില്‍ ജലനിരപ്പ് പാടെ താണതോടെ ജനം ദുരിതത്തിലായി. കുടിവെള്ളക്ഷാമം പരിഹരിക്കാനും പുഴയിലെ വെള്ളം ശേഖരിച്ചുനിര്ത്താനുമായി നിര്‍മിച്ച തടയണയിലും പുഴയുടെ നീരൊഴുക്ക് നാമമാത്രമായതോടെ ജലനിരപ്പ് താഴ്ന്നു. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് തടയണ നിര്‍മിച്ചത്. 20ഓളംവരുന്ന തൊഴിലാളികളെ ഉപയോഗിച്ച് കണ്ണംകുണ്ട് പുഴയ്ക്ക് കുറുകെ തടയണ നിര്‍മിക്കുകയാണ് ചെയ്തത്.
എന്നാല്‍ വേനല്‍ രൂക്ഷമായതോടെയാണ് തടയണയിലും വെള്ളം വറ്റിതുടങ്ങിയത്. ഇതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമവും വര്ധിച്ചുവരാന്തുടങ്ങി. കിണറുകളിലെല്ലാം ജലനിരപ്പ് താഴ്ന്നു. ഈ പ്രദേശങ്ങളിലേക്ക് ശക്തമായ വേനല്‍മഴ ലഭിക്കാത്തതും വിനയായി. പ്രധാന പുഴകളായ വെള്ളിയാര്‍ പുഴ, കണ്ണംകുണ്ട് പുഴയിലും നീരൊഴുക്ക് നിലക്കാന്തുടങ്ങി. വേനല്‍ ഇനിയും രൂക്ഷമാകുന്നതോടെ പുഴ വറ്റിവരളുമെന്ന കാര്യത്തില്‍ സംശയമില്ലാതായിരിക്കുന്നു. പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയും ഉയര്‍ന്നുകഴിഞ്ഞു.