കണ്ണമ്പ്ര പാടശേഖരങ്ങളില്‍ കൊയ്ത്ത് യന്ത്രത്തിന് ഇനി ഏകീകൃത ചാര്‍ജ്

PKD-KRISHIവടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ കൊയ്ത്തുയന്ത്രത്തിന് ഇനി ഏകീകൃത ചാര്‍ജ്. മണിക്കൂറിന് 1800 രൂപാനിരക്കില്‍ ഇനി പാടശേഖരങ്ങള്‍ക്ക് കൊയ്ത്തുയന്ത്രങ്ങള്‍ ലഭ്യമാകും. കണ്ണമ്പ്ര പഞ്ചായത്തും കൃഷിഭവനും പഞ്ചായത്തിലെ 13 പാടശേഖരസമിതികളും ചേര്‍്ന്നാണ് ഈ തീരുമാനം എടുത്തത്.ഇതുമൂലം കൊയ്ത്ത് യന്ത്രങ്ങളുടെ ഇടനിലക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് ഒഴിവാകും. കൊയ്ത്ത് യന്ത്രം ആവശ്യമുള്ള കര്‍ഷകര്‍ മൂന്നുദിവസംമുമ്പ് വിവരം അറിയിച്ചാല്‍ പഞ്ചായത്തിന്റെ ഏതുഭാഗത്തായാലും അവിടെ യന്ത്രമെത്തിക്കും.

1152 കര്‍ഷകരുടേതായി 420 ഹെക്ടര്‍ നെല്‍കൃഷിയാണ് പഞ്ചായത്തിലുള്ളത്. പുതിയ ഏകീകൃത ചാര്‍ജ് അനുസരിച്ച് കണ്ണമ്പ്ര ഭഗവതിപ്പാടം പാടശേഖരത്തില്‍ കൊയ്ത്ത് തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡി.രജിമോന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ രജനി രാമദാസ്, കൃഷി അസിസ്റ്റന്റ് മെംബര്‍ സുനന്ദ, സി.എന്‍.രാജന്‍, കെ.സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts