റെജി ജോസഫ്
കോട്ടയം: 38 ഡിഗ്രി തീവെയിലില്‍ കൂലിപ്പണി ചെയ്യുന്ന രണ്ടു ചെറുപ്പക്കാര്‍്. ഇരുവരുടെയും യോഗ്യത എംഎ, ബിഎഡ്. നാലു വര്‍ഷമായി കോട്ടയത്തെ പ്രമുഖ എയ്ഡഡ് സ്കൂളില്‍ അധ്യാപകരാണിവര്‍. സര്‍ക്കാര്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അംഗീകൃത മാനേജ്‌മെന്റ് നല്‍കിയ നിയമനത്തിന് അംഗീകാരവും ശമ്പളവും നിഷേധിക്കപ്പെട്ടവര്‍. ഇരുവരും കൂലിപ്പണി ചെയ്യുന്നതു സ്വന്തം വയര്‍ മാത്രമല്ല, മാതാപിതാക്കള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ പോറ്റാനാണ്.
പകല്‍ സ്കൂളില്‍ അധ്യാപനം. രാത്രി കേറ്ററിംഗ് ജോലി. അവധിദിവസങ്ങളില്‍ കൂലിവേല. ഇവരുടെ ആത്മാഭിമാനത്തെ മാനിച്ച് ഇവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നില്ല. ‘എന്തു ജോലിയും ഞങ്ങള്‍ ചെയ്യും. വിറകു വെട്ടാനും മരം മുറിക്കാനും ഞങ്ങള്‍ പോകാറുണ്ട്. വാര്‍ക്കപ്പണിയും ടൈല്‍സ് പണിയും കിട്ടിയാല്‍ പോകും. ഞങ്ങള്‍ രണ്ടു പേരല്ല, വര്‍ഷങ്ങളായി ശമ്പളം നിഷേധിക്കപ്പെട്ട ആയിരക്കണക്കിന് അധ്യാപകര്‍ ഇങ്ങനെയാണു കുടുംബം പോറ്റു ന്നത്’.
ചെറുപ്പക്കാരായ ഈ രണ്ട് അധ്യാപകരുടെ വികാരവും വേദനയും കേരളത്തില്‍ നിയമന ഉത്തരവും ശമ്പളവുമില്ലാതെ, മുഖം മറച്ചു കണ്ണീരൊഴുക്കുന്ന അനേകായിരം അധ്യാപരുടെ തേങ്ങലായി അധികാരികള്‍ കാണും, കേള്‍ക്കും എന്ന് ഇവര്‍ ആശിക്കുന്നു.
കുട്ടികള്‍ക്കും സമൂഹത്തിനും മുന്നില്‍ ഇവര്‍ ഗുരുക്കന്‍മാരും മാഷുമാരുമൊക്കെയാണ്. അധ്യാപക നിയമനം ചുവപ്പുനാടയില്‍ കുരുങ്ങി, ശമ്പളം നിഷേധിക്കപ്പെട്ട്, അവഗണനയുടെ പുറംപോക്കില്‍ നരകിക്കുന്നവരാണു നീതി നിഷേധിക്കപ്പെട്ട മൂവായിരത്തോ ളം അധ്യാപകര്‍.
ഇന്നലെ സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ തുടങ്ങി. തങ്ങള്‍ക്ക് അറിവും വിവേകവും പകര്‍ന്നു നല്‍കി പരീക്ഷാഹാളിലേക്ക് അനുഗ്രഹിച്ചയച്ച അധ്യാപകരില്‍ പലരും ആത്മസംഘര്‍ഷത്തിന്റെയും നിരാശയുടെയും നടുക്കടലില്‍ വലിയ പരീക്ഷണത്തെ നേരിടുന്നവരാണെന്ന് ഈ കുട്ടികളും രക്ഷിതാക്കളും അറിയുന്നില്ല. പക്ഷേ, അറിയേണ്ടത് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരാണ്. അഴകൊഴമ്പന്‍ പ്രഖ്യാപനങ്ങളും നിയമതടസങ്ങളും പറഞ്ഞ് ഇക്കാലമത്രയും തങ്ങളെ പരീക്ഷിച്ച സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന്റെ അവസാന മുഹൂര്‍ത്തത്തിലെങ്കിലും കരുണ കാണിക്കണമെന്ന് ഈ അധ്യാപകര്‍ യാചിക്കുകയാണ്.
കുട്ടികളുടെ ഈ പരീക്ഷക്കാലത്തും അധ്യാപകരില്‍ പലരും ചുമടെടുപ്പിനും കൂലിപ്പണിക്കും പോകുന്നുണ്ടെന്ന് അധികമാരും അറിയുന്നില്ല. പുറംലോകം കാണാതെ രാത്രി ഓട്ടോറിക്ഷ ഓടിക്കുന്നവരും സെക്യൂരിറ്റിപ്പണി ചെയ്യുന്നവരും കേറ്ററിംഗ് ജോലിക്കുപോകുന്നവരുമൊക്കെ ദുരിതജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ മാധ്യമപ്രവര്‍ത്തരോടു സ്വകാര്യമായി പങ്കുവച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ശമ്പളം ഉറപ്പാക്കുന്ന സ്കൂള്‍ ജോലിയില്‍ പ്രവേശിച്ചതിന്റെ ഉറപ്പില്‍ വിവാഹം നടത്തി കുടുംബജീവിതത്തിന്റെ കണക്കുകൂട്ടലുകള്‍ തകിടം മറിഞ്ഞു പവിത്രമായ ബന്ധങ്ങള്‍ മുറിഞ്ഞും ഉലഞ്ഞും പോയ അനേകം സംഭവങ്ങളും ഇതില്‍പ്പെടും. സ്വന്തം കുഞ്ഞിനെ പോറ്റാനും ഭക്ഷണവും വസ്ത്രവും ചികിത്സയും നല്‍കാനും വകയില്ലാതെ വലയുന്ന അധ്യാപകരും അധ്യാപികമാരുമൊക്കെ ഒരു ജോഡി വസ്ത്രത്തിനും ഒരു നേരത്തെ ഭക്ഷണത്തിനും വഴിച്ചെലവിനും വണ്ടിക്കൂലിക്കും നിവൃത്തിയില്ലാതെ കഴിയുന്നുണ്ട്. അതെ, സ്കൂളില്‍ പോകാന്‍ ബസ് കൂലി കടംവാങ്ങുന്നവരും കടകളില്‍ കടം പറയുന്നവരും ഏറെപ്പേരാണ്.
എരിയുന്ന വയറും വരളുന്ന നാവുമായാണ് അധ്യാപകര്‍ തങ്ങള്‍ക്കുവേണ്ടി ഒരു പകല്‍ മുഴുവന്‍ പഠിപ്പിക്കുന്നതെന്നു കുട്ടികള്‍ അറിയുന്നില്ല. മക്കളെ പഠിപ്പിക്കുന്ന അധ്യാപകരുടെ ദുരവസ്ഥ കുട്ടികളുടെ മാതാപിതാക്കളും പൊതുസമൂഹവും അറിയുന്നില്ല. ഒപ്പിടീല്‍ നാളെ, നാളെ എന്ന മട്ടില്‍ നിയമന ഫയലുകള്‍ ഉന്തിയും തള്ളിയും കൊണ്ടുപോകുകയാണു കുറെ ഉദ്യോഗസ്ഥര്‍. ഇവര്‍ക്കു മുന്നില്‍ കൈകൂപ്പിയും കരഞ്ഞും നിന്നു മടുത്ത അധ്യാപകരില്‍ പലരും ജോലി നിറുത്തിയാലോ എന്നും ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.
കുടുംബം പോറ്റാനും മക്കളെ പഠിപ്പിക്കാനും മാന്യമായി ജീവിക്കാനും വകയില്ലാതെ ജീവിതത്തിന്റെ പടുകുഴിയില്‍ പെട്ടുപോയവരാണു നിയമനം നിഷേധിക്കപ്പെട്ട ഏറെപ്പേരും. പഠിപ്പിക്കുന്ന കുട്ടികളുടെ മുന്നില്‍ ഇവര്‍ക്കു കൈനീട്ടാന്‍ പറ്റില്ലല്ലോ.
ബിരുദാനന്തരബിരുദവും എംഫിലും ബിഎഡും ഒക്കെ പാസായി അധികയോഗ്യതയുള്ളവരാണു പ്രൈമറിയിലും ഹൈസ്കൂളിലും പഠിപ്പിക്കുന്നതെന്നുകൂടി അധികാരികള്‍ അറിയണം. ദേശസ്‌നേഹവും സാമൂഹിക പ്രതിബദ്ധതയുമുള്ളവരും തലമുറയെ വാര്‍ത്തെടുക്കാനുള്ള ആത്മാര്‍ഥതയില്‍ സമര്‍പ്പിത മനസോടെ അധ്യാപകജോലിയിലേക്കു കടന്നുവന്നവരാണ് ഈ യുവതീയുവാക്കള്‍. ഇവരില്‍ ചിലരെങ്കിലും മറ്റ് ജോലിക്കു സാധ്യയുണ്ടായിട്ടും അധ്യാപകജോലിയില്‍ ഉറച്ചുനിന്നവരുമാണ്. നാലും അഞ്ചും അതിലേറെയും വര്‍ഷങ്ങള്‍ ഇരുന്നൂറില്‍ താഴെ രൂപ ദിവസവേതനത്തിനു ജോലി ചെയ്തശേഷം വിവിധ മാനേജുമെന്റുകളില്‍നിന്നു സ്ഥിരം നിയമനം കിട്ടിയവരാണു പലരും. അങ്ങനെ നോക്കിയാല്‍ പത്തുവര്‍ഷമായി അധ്യാപകജോലി ചെയ്തിട്ടും സ്ഥിരനിയമനം ലഭിക്കാത്ത ഏകവിഭാഗം.
ഉയര്‍ന്ന മാര്‍ക്കോടെ കോളജുകളില്‍ പ്രവേശനം നേടി കഠിനാധ്വാനം ചെയ്തും വന്‍തുക മുടക്കിയും പഠിച്ച് ഉന്നത ബിരുദം നേടിയവരാണ് ഇവരെല്ലാം. ദാനമായും ഔദാര്യമായും കിട്ടിയതല്ല ഇവര്‍ക്ക് ഇവര്‍ക്കൊക്കെ അധ്യാപക ജോലി. മാനേജുമെന്റുകള്‍ വിജ്ഞാപനമിറക്കി, എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി അധ്യാപന പ്രാപ്തി പരിശോധിച്ച് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. 2013 മുതല്‍ അതത് കാലത്തുണ്ടാകുന്ന ഒഴിവുകളുടെയും സര്‍ക്കാര്‍ നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ ജോലിയിലെത്തിയശേഷം നിയമനത്തിന് അംഗീകാരം നിഷേധിക്കപ്പെട്ടവരാണ് ഈ അധ്യാപകര്‍. ഇന്നേവരെ നയാപൈസ വേതനമോ ഇടക്കാല ആശ്വാസമോ ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
അധ്യാപനത്തിനൊപ്പം സ്കൂളുകളില്‍ കുട്ടികളുടെ കായികപരീശീലനം, വിവിധ സംഘടനകളുടെ ചുമതല, അച്ചടക്കപാലനം തുടങ്ങി സ്കൂളിലെ ഉത്തരവാദിത്വപ്പെട്ട നിരവധി ചുമതലകള്‍ ഏറ്റെടുക്കുന്നവരാണ് ഇവരെല്ലാം. കുട്ടികളുടെ ക്ഷേമത്തിന് ഉച്ചക്കഞ്ഞിയും യൂണിഫോമും സ്‌കോളര്‍ഷിപ്പും ൈസ്റ്റഫന്റും നല്‍കുന്ന സര്‍ക്കാര്‍, ഉത്തമ പൗരന്‍മാരെ വാര്‍ത്തെടുക്കാന്‍ ചുമതലപ്പെട്ട അധ്യാപകരുടെ അതിജീവനകാര്യത്തില്‍ മാത്രം അജ്ഞത നടിക്കുന്നു.
നിരക്ഷരനായ തൊഴില്‍രഹിതനും 100 ദിവസം തൊഴിലും വേതനവും ഉറപ്പാക്കുന്ന നമ്മുടെ രാജ്യത്ത് തൊഴിലുറപ്പുതൊഴിലാളികളോടു കാണിക്കുന്ന മനുഷ്യാവകാശനീതി പോലും അഞ്ചു വര്‍ഷത്തിലേറെയായി ഭരണകൂടം അധ്യാപരോടു നിഷേധിച്ചിരിക്കുന്നു. സംഘടിതതൊഴിലാളികളോ രാഷ്ട്രീയസംഘനകളോ കലാപകാരികളോ ആയിരുന്നു ഇവരുടെ സ്ഥാനത്തെങ്കില്‍ എത്രയെത്ര പ്രക്ഷോഭങ്ങളും ചോരപ്പുഴകളും ഈ കേരളത്തില്‍ ഒഴുക്കി നാടിന്റെ സമാധാനവും ക്രമസമാധാനവും തടസപ്പെടുമായിരുന്നു. ഇവരൊക്കെ സഹനത്തിന്റെയും സമാധാനത്തിന്റെയും പ്രതീകങ്ങളായി അധ്യാപക ജോലി ഏറ്റെടുത്തതുകൊണ്ട് സമരക്കൊടുങ്കാറ്റുകളും പ്രക്ഷോഭങ്ങളും നടത്തുന്നതില്‍ പരിമിതിയേറെയുണ്ട്.
ഈ പരിമിതിയെയും ക്ഷമയെയും അധികാരികള്‍ അവഗണിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നുവെന്നതാണ് സത്യം. തെരഞ്ഞെടുപ്പിന് ഫസ്റ്റ് ബെല്‍ മുഴങ്ങിയിരിക്കെ ഇവരും ഇവരെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളും പൗരന്‍മാരും വോട്ടര്‍മാരുമൊക്കെയാണെന്ന് അധികാരികള്‍ മറന്നുകൂടാ.