കണ്ണൂര്‍: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായ ഇടപെട്ട് ഏറെ പ്രശംസ നേടിയ പോലീസ് ഓഫീസറാണ് കണ്ണൂരിന്റെ പുതിയ ജില്ലാ പോലീസ് മേധാവി കോറി സഞ്ജയ്കുമാര്‍ ഗുരുഡ്. സൈബര്‍ ലോകത്ത് കുട്ടികള്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള ബോധവത്കരണം ഫലപ്രദമായി നടപ്പാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
വിദ്യാലയങ്ങളില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ‘ഈസ് യുവര്‍ ചൈല്‍ഡ് സെയ്ഫ്’ എന്ന പേരില്‍ ഇന്റര്‍നെറ്റ് സെക്യൂരിറ്റി ഗൈഡ് തയാറാക്കി. ഇതിന്റെ വീഡിയോ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും മുന്‍കരുതലുകളും വിവരിക്കുന്ന വീഡിയോ വൈറലാവുകയും ചെയ്തു. ഇതു പിന്നീട് എസ്സിഇആര്ടി ഒമ്പത്, 10 ക്ലാസുകളിലെ ഐടി പാഠ്യവിഷയത്തിലും ഉള്‍പ്പെടുത്തിയിരുന്നു.
തിരുവനന്തപുരം ഡിസിപി ആയിരുന്ന കാലത്ത് സഞ്ജയ്കുമാര്‍ ഗുരുഡ് വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നടപ്പാക്കിയ പദ്ധതികളും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ശാസ്ത്രീയമായ ബസ്ബേകള്‍, കാല്‍നടയാത്രക്കാര്‍ക്കുള്ള പാത, സീബ്ര ക്രോസിംഗ് എന്നിവ തിരുവനന്തപുരം നഗരത്തില്‍ കൃത്യമായി ഉറപ്പാക്കാന്‍ ഇദ്ദേഹത്തിന്റെ ഇടപെടലുകള്‍ സഹായിച്ചു. 2005 ബാച്ച് ഐപിഎസുകാരനായ ഗുരുഡ് കേന്ദ്രത്തില്‍ ഡപ്യൂട്ടേഷനിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹെഡ്ക്വാര്‍ട്ടേഴ്സ് എസ്പി സ്ഥാനത്ത് നിന്നാണ് ഇദ്ദേഹം കണ്ണൂര്‍ എസ്പിയായി എത്തുന്നത്.