സ്വന്തം ലേഖകന്‍
കണ്ണൂര്‍: മദ്യം, കഞ്ചാവ്, പുകയില ശേഖരം എന്നിവ വില്‍പ്പന നടത്തുന്നവരും ഉപയോഗിക്കുന്നവരും ജാഗ്രതൈ! നിങ്ങളുടെ പിറകില്‍ ‘ഓപ്പറേഷന് ഭായി’ എത്തും. തിങ്കളാഴ്ച ആരംഭിച്ച ഓപ്പറേഷന് ഭായി പരിശോധനയില്‍ ജില്ലയില്‍ ആദ്യദിനത്തില്‍ 116 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പുകയില ഉത്പന്നങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പ്രത്യേക നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപകമായി മയക്കുമരുന്ന്, പാന്‍മസാലകള്‍, മദ്യക്കടത്ത് തുടങ്ങിയവയുടെ ഉപയോഗം കര്‍ശനമായി ഇല്ലാതാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന. കോട്പയെന്ന പേരിലും ഓപ്പറേഷന് ഭായി എന്ന പേരിലും എക്സൈസ് വകുപ്പ് വ്യാപകമായ റെയ്ഡ് ആരംഭിച്ചു.
കോട്പ ആക്ട് ലംഘിച്ചാല്‍ നടപടി
പുകയില ഉത്പന്നങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കോട്പ ആക്ടിനു വിരുദ്ധമായി വില്‍പ്പന നടത്തുന്ന കച്ചവടക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കും. കോട്പ ആക്ട് പ്രകാരം സിഗരറ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങളുടെ കവറിനു പുറത്ത് 80 ശതമാനം സ്ഥലത്തും മുന്നറിയിപ്പുകളും മറ്റും പ്രദര്ശിപ്പിക്കമെന്നാണു നിയമം. 20 ശതമാനം മാത്രമേ ബ്രാന്‍ഡ് കമ്പനികളുടെ കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ പാടുള്ളൂ. ഇതിനു വിരുദ്ധമായി മുന്നറിയിപ്പുകള്‍ പാടെ അവഗണിച്ചു വില്‍പ്പന നടത്തുന്ന ഉത്പന്നങ്ങള്‍ക്കും വ്യാപാരികള്‍ക്കുമെതിരേ പോലീസ് കര്‍ശന നടപടിക്കൊരുങ്ങുകയാണ്. ഇതിനു മുന്നോടിയായി വ്യാപാരികള്‍ക്കു പോലീസ് നോട്ടീസ് നല്‍കിത്തുടങ്ങി.
രണ്ടു ദിവസത്തിനുള്ളില്‍ കമ്പനി അധികൃതരെ വിവരമറിയിച്ച് ലേബലിനു മുകളില്‍ 80 ശതമാനം മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്താനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. നോട്ടീസില്‍ പറയുന്ന രണ്ടുദിവസം കഴിഞ്ഞ് ഇക്കാര്യത്തില്‍ മാറ്റംവരുത്തിയില്ലെങ്കില്‍ വ്യാപാര സ്ഥാപനങ്ങളിലെ ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ബന്ധപ്പെട്ട കച്ചവടക്കാര്‍ക്കെതിരേ കേസെടുക്കുകയും ചെയ്യുമെന്ന് പോലീസിന്റെ അറിയിപ്പില്‍ പറയുന്നു.
വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണം
ഓപ്പറേഷന് ഭായിയുടെ ഭാഗമായി വിദ്യാര്‍ഥികളെ ബോധവത്കരിക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസുകള്‍ ആരംഭിച്ചു. എക്സൈസ് ഡിവൈഎസ്പി വി.വി. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. കരിവെള്ളൂര്‍ ഹൈസ്കൂള്‍, രാമന്തളി ഹൈസ്കൂള്‍, പഴയങ്ങാടി ഹൈസ്കൂള്‍ തുടങ്ങി പതിനഞ്ചോളം സ്കൂളുകളില്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്കൂളുകളില്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തും. ക്ലാസിന് പുറമെ എക്സൈസ് വകുപ്പ് ബോധവത്കരണ നാടകവും പ്രദര്‍ശിപ്പിക്കും. സ്കൂളുകള്‍, ക്ലബുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളിലാണ് നാടകം അരങ്ങേറുക. ഇരുപതുമിനിറ്റ് ദൈര്‍ഘ്യമുള്ള സിഡികളും പ്രദര്‍ശിപ്പിക്കും.
ജാഗ്രതയുമായി എക്സൈസ്
ഓപ്പറേഷന് ഭായിയുടെ ഭാഗമായി എക്സൈസ് കമ്മീഷണര്‍ ദിവസവും എല്ലാ ജില്ലകളിലെയും എക്സൈസ് ഡിവൈഎസ്പിമാരുമായി ടെലിഫോണില്‍ സംസാരിച്ചു പരിപാടികള്‍ വിലയിരുത്തും. ജില്ലയില്‍ 17 വാഹനങ്ങളിലായി 400 ഓളം എക്സൈസുകാര് നിതാന്ത ജാഗ്രത പുലര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ലഹരിമുക്ത കണ്ണൂര്‍ എന്ന മുദ്രാവാക്യവുമായാണ് ഓപ്പറേഷന് ഭായി തുടങ്ങിയതെന്നും എക്സൈസ് അധികൃതര്‍ പറയുന്നു. മയക്കുമരുന്ന് ഉപയോഗം യുവാക്കളുടെ ഇടയില്‍ കൂടിവരുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടിയുമായി മുന്നോട്ടു പോകുന്നതെന്ന് എക്സൈസ് വകുപ്പ് പറയുന്നു.
സ്കൂളുകളില്‍ പരാതിപ്പെട്ടികള്‍
ലഹരിമാഫിയക്കെതിരേ ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂളുകളില്‍ 100 പരാതിപ്പെട്ടികള്‍ സ്ഥാപിച്ചുകഴിഞ്ഞു. പേരോ അഡ്രസോ ഇല്ലാതെ ആര്‍ക്കുവേണമെങ്കിലും പരാതി എഴുതി പെട്ടിയില്‍ നിക്ഷേപിക്കാം. കത്തിന്റെ ഉള്ളടക്കം നോക്കി നടപടി കൈക്കൊള്ളും. ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ പേര്, അവ ലഭ്യമാകുന്ന സ്ഥലം എന്നിവ അറിയിച്ചാല്‍ നടപടിയുണ്ടാകും. ഓഗസ്റ്റ് 15 ആകുമ്പോഴേക്കും 200 പരാതിപ്പെട്ടികള്‍ കൂടി വിവിധ സ്കൂളുകളില്‍ സ്ഥാപിക്കും. എസ്ബിടിയാണ് പരാതിപ്പെട്ടികള്‍ സ്പോണ്സര് ചെയ്യുന്നത്. ആഴ്ചയില്‍ ഒരുദിവസം പെട്ടി തുറന്നു പരിശോധിക്കും.
എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ എത്തിയാണ് പരിശോധന. ജില്ലയില്‍ 140 ലഹരി വിരുദ്ധ ക്ലബുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇതിന്റെ പ്രവര്‍ത്തനവും വ്യാപിപ്പിക്കും. ഡിസംബറോടെ ജില്ലയില്‍ ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും എണ്ണം പകുതിയിലധികമായി ചുരുക്കാന്‍ സാധിക്കുമെന്നാണ് ജില്ലയിലെ എക്സൈസ് സംഘത്തിന്റെ പ്രതീക്ഷ.