കണ്ണൂര്‍: നഗരത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് തുടങ്ങി. ഇന്നലെ രാത്രിയോടെ 30 നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. ഇവ പയ്യാമ്പലത്തെ പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി ഇന്ന് രാവിലെ ആരംഭിച്ചു. 15 മുതല്‍ കാമറകള്‍ പ്രവര്‍ത്തനസജ്ജമാകും. നഗരം കുറ്റവാളികളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാകുന്നത് തടയാന്‍ പോലീസിന്റെ സഹായത്തോടെ കണ്ണൂര്‍ കോര്‍പറേഷനാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത്. 90 ലക്ഷം രൂപ ചെലവഴിച്ച് 60 കാമറകളാണ് പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്നത്.
കളക്ടറേറ്റിന്റെ മുന്‍വശം, കാള്‍ടെക്‌സ് ജംഗ്ഷന്‍, പുതിയ ബസ്സ്റ്റാന്‍ഡ്, പഴയ ബസ്സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞു. വന്‍ നഗരങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച സംവിധാനമാണ് കണ്ണൂരിലും നടപ്പാക്കുന്നത്. ഫെയിസ് റെഗഗനൈസര്‍ എന്ന സോഫ്റ്റ് വേര്‍ ഉപയോഗിച്ച് പിടികിട്ടാപ്പുകളുടെ ഫോട്ടോ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യും. ഈ ഫോട്ടോയും നഗരത്തില്‍ കാമറയ്ക്ക് മുന്നിലൂടെ കടന്നുപോകുന്ന പിടികിട്ടാപ്പുള്ളികളുടെ ഫോട്ടോയും സാമ്യമുണ്ടെങ്കില്‍ പോലീസ് കണ്‍ട്രോള്‍ റൂമിലും ഡിവൈഎസ്പിയുടെ കംപ്യൂട്ടറിലും പ്രത്യേക ശബ്ദത്തോടെ തിരിച്ചറിയാനാകും. പ്രതികളുടെ മുഖം സൂം ചെയ്ത് കാണാനുള്ള സംവിധാനവുമുണ്ട്. കാമറകള്‍ മിഴിതുറക്കുന്നതോടെ ഗതാഗതക്കുരുക്കിനും ഒരുപരിധിവരെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ.