കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ ഏകപക്ഷീയമായി കേസെടുത്തും കാപ്പ പോലുള്ള കരിനിയമങ്ങള്‍ ചുമത്തിയും പീഡിപ്പിക്കുന്ന കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നടപടികള്‍ക്കെതിരേ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്കുമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശും ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളും പത്രസമ്മേളനത്തില്‍ പറഞ്ഞു. നിസാരകേസുകളില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകരെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുന്നു.
ബിജെപിയുടെ പ്രധാനപ്രവര്‍ത്തകരെ തടങ്കലിലാക്കി പ്രചാരണം തടസപ്പെടുത്തുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. നിലവിലുള്ള എസ്പിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നീതിപൂര്‍വകമായ തെരഞ്ഞെടുപ്പ് നടക്കില്ല. സിപിഎമ്മിനു വേണ്ടിയാണ് പോലീസ് ഇങ്ങനെ ചെയ്യുന്നത്. സിപിഎം സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രചാരണം സമ്മതിക്കുന്നില്ല.
ചെറുവാഞ്ചേരിയില്‍ ഒ.കെ. വാസുവും അശോകനും ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നപ്പോള്‍ പതിനായിരങ്ങള്‍ കൂടെ വരുമെന്ന് പറഞ്ഞെങ്കിലും ആരും പോയില്ല. ഇതിന്റെ ജാള്യത മറക്കാനാണ് അവിടങ്ങളില്‍ തുടര്‍ച്ചയായി അക്രമങ്ങള്‍ നടത്തുന്നത്. മിക്ക സ്ഥലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ ഫഌക്സ് ബോര്‍ഡുകളിലെ തലയും കാലും കീറിമാറ്റി പ്രതീകാത്മകമായി കൊല ചെയ്യുകയാണ്.
സിപിഎം അല്ലാത്ത സ്ഥാനാര്‍ഥികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. അതിന് ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് തലശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എ.പി. അബ്ദുള്ളക്കുട്ടിയുടെ ദേഹത്ത് മുറുക്കി തുപ്പിയ സംഭവം. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് പറയുന്നവര്‍ എല്ലാവരെയും ശരിയാക്കുകയാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ വീട് കയറി തങ്ങള്‍ പ്രചാരണം നടത്തും. അവിടത്തെ ജനങ്ങളുമായി സംവദിക്കും. പേടി തീരെയില്ല. ചോദിക്കാനും പറയാനും പ്രാപ്തമായ ഭരണം കേന്ദ്രത്തിലുണ്ട്.
സിപിഎമ്മിന് ക്ഷീണം പറ്റുന്ന സ്ഥലങ്ങളിലെല്ലാം കോണ്‍ഗ്രസിനെ സഹായിക്കുന്ന നയം ബംഗാളില്‍ മാത്രമല്ല ഇങ്ങ് മാഹിയില്‍ വരെയുണ്ടെന്നും പി. സത്യപ്രകാശ് പറഞ്ഞു. സ്ഥാനാര്‍ഥികളായ സദാനന്ദന് മാസ്റ്റര്‍-കൂത്തുപറമ്പ്, ബിജു ഏളക്കുഴി-മട്ടന്നൂര്‍, കെ.ജി. ബാബു-കണ്ണൂര്‍, എ.വി. കേശവന്-അഴീക്കോട്, അരുണ്‍ കുമാര്‍-കല്യാശേരി, മോഹന്‍ മാനന്തേരി-ധര്‍മടം, പൈലി വാത്യാട്ട്-പേരാവൂര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. തങ്ങളുടെ മണ്ഡലങ്ങളില്‍ പോലീസില്‍ നിന്നും സിപിഎം പ്രവര്‍ത്തകരില്‍നിന്നും അനുഭവപ്പെടുന്ന പ്രവര്‍ത്തനങ്ങളെ പറ്റി സ്ഥാനാര്‍ഥികള്‍ വിശദീകരിച്ചു.