തൃശൂര്‍: എന്നും എപ്പോഴും കണ്ഫ്യൂഷനുകള് സൗമ്യകേസിനെ പിന്തുടര്ന്നിരുന്നു. സുപ്രീം കോടതിയിലെത്തിയപ്പോള്‍ സൗമ്യ ട്രെയിനില്‍ നിന്ന് വീണതോ ആരെങ്കിലും തള്ളിയിട്ടതോ എന്നതായിരുന്നു കോടതിക്കു തന്നെയുണ്ടായിരുന്ന സംശയം. കീഴ്ക്കോടതിയില്‍ സൗമ്യയെ പോസ്റ്റ്മോര്‍ട്ടം ചെയ്തതിനെ ചൊല്ലിയുള്ള അവകാശവാദമായിരുന്നു കണ്ഫ്യൂഷനുണ്ടാക്കിയിരുന്നത്.
സൗമ്യ മരിച്ചപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന പ്രഫ.ഡോ.ഷേര്‍ളി വാസുവിന്റെ മേല്‍നോട്ടത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. എന്നാല്‍ ഡോ.ഷേര്ളിവാസുവല്ല താനാണ് സൗമ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയതെന്ന അവകാശവാദവുമായി ഡോ.ഉന്മേഷ് രംഗത്തെത്തി. ഫോറന്‍സിക് വിഭാഗം അസി.പ്രഫസറായിരുന്നു ഡോ.ഉന്മേഷ്. പ്രോട്ടോക്കോള്‍ പ്രകാരം മേധാവിയായ ഡോ.ഷേര്‍ളിവാസുവിന്റെ മേല്‍നോട്ടത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുക. ഡോ.ഉന്മേഷ് ഇവര്‍ക്കൊപ്പം സഹായവുമായി ഉണ്ടാകും.
എന്നാല്‍ താനാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്ന് ഡോ. ഉന്മേഷ് അവകാശമുന്നയിച്ചതോടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ ആധികാരികത തന്നെ കീഴ്ക്കോടതിയില്‍ ഒരു ഘട്ടത്തില്‍ ചോദ്യം ചെയ്യപ്പെട്ടു. തുടര്‍ന്ന് കോടതി ഡോ.ഷേര്ളിവാസുവിന്റെയും ഡോ.ഉന്മേഷിന്റെയും മൊഴികള്‍ കേട്ടു. രണ്ടു പേരുടെ മൊഴികളും വാദിക്ക് അനുകൂലമയിരുന്നുവെന്നതാണ് ശ്രദ്ദേയമായത്.
സൗമ്യകേസിലെ ഏറ്റവും പ്രധാനപ്പെട്ട രേഖയെന്ന നിലയ്ക്ക് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ഏറെ പ്രധാന്യമുണ്ടായിരുന്നു. ഇതില്‍ അവകാശത്തര്‍ക്കങ്ങള്‍ ഉടലെടുത്തത് പ്രതിഭാഗത്തിന് സഹായകമായിരുന്നു. എന്നാല്‍ കോടതി അന്തിമമായി ഡോ.ഷേര്‍ളിവാസുവിന്റെ വാദം അംഗീകരിക്കുകയായിരുന്നു. ഡോ.ഉന്മേഷ് പ്രതിഭാഗത്തിന് സഹായകമാകും വിധം ആശയക്കുഴപ്പമുണ്ടാക്കിയെന്ന പരാതിയെ തുടര്‍ന്ന് ഡോ.ഉന്മേഷിനെ സര്‍വീസില്‍ നിന്ന് നീക്കി നിര്‍ത്തുകയും പിന്നീട് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ഗോവിന്ദച്ചാമിക്ക് വേണ്ടി ഡോ.ഉന്മേഷ് എന്തിന് ഇത്തരമൊരു അവകാശവാദമുന്നയിച്ചു എന്ന സംശയവും ചോദ്യവും അന്നുയര്‍ന്നിരുന്നുവെങ്കിലും വകുപ്പിനുള്ളിലെ ചില തര്‍ക്കങ്ങളാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന നിഗമനത്തിലാണ് ഒടുവില്‍ ഉത്തരങ്ങള്‍ എത്തിച്ചേര്‍ന്നത്. കോട്ടയം മെഡിക്കല്‍ കോളജിലാണ് ഡോ.ഉന്മേഷ് ഇപ്പോള്‍ ജോലി ചെയ്യുന്നത്.
സൗമ്യ വധക്കേസ്: റിവ്യൂഹര്‍ജി ഉടന്‍ നല്‍കും
തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ഒട്ടും വൈകാതെ തന്നെ സുപ്രീംകോടതി ബഞ്ചിന് മുന്‍പാകെ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കുമെന്ന് മന്ത്രി ഏ.കെ. ബാലന്റെ ഓഫീസ് അറിയിച്ചു.
റിവ്യൂ ഹര്‍ജി നല്കുന്നതു സംബന്ധിച്ച് നിയമമന്ത്രി ഏ.കെ.ബാലന് അഡ്വക്കേറ്റ് ജനറലുമായും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായും ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷം സ്റ്റാന്‍ഡിംഗ് കൗണ്‍സിലുമായി അദ്ദേഹം ചര്‍ച്ച നടത്തും. മന്ത്രി ഡല്‍ഹിയില്‍ നിന്നു മടങ്ങിയെത്തിയ ശേഷം കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.