മൂവാറ്റുപുഴ: കനത്തമഴയും ഗതാഗതക്കുരുക്കും മൂലം വീര്‍പ്പുമുട്ടി മൂവാറ്റുപുഴ നഗരം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്യുന്ന തോരാത്ത മഴയ്ക്കൊപ്പം നഗരത്തിലെ പതിവ് തിരക്കുമായതോടെ കാല്‍നടയാത്രക്കാര്‍ അടക്കമുള്ളവര്‍ വലഞ്ഞു. ഇതിനുപുറമേ കച്ചേരിത്താഴം പാലത്തില്‍ രൂപപ്പെട്ട കുഴിയും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടി. ഇതോടെ, ഇന്നലെ രാവിലെ മുതല്‍ നഗരത്തിലെമ്പാടും വന്‍പോലീസ് സംഘവും ട്രാഫിക് കുരുക്ക് നിയന്ത്രിക്കാന്‍ നിലയുറപ്പിച്ചിരുന്നു. ഗതാഗതക്കുരുക്ക് ശക്തമായതോടെ പാലത്തിലൂടെ ഒരുവശത്തേക്ക് മാത്രം വാഹനം കടന്നുപോകാന്‍ പോലീസ് നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ ഗതാഗതക്കുരുക്കും ഇരട്ടിയായി. ഇതിനുപുറമേ റോഡരികിലെ അനധികൃത പാര്‍ക്കിംഗും ഗതാഗതക്കുരുക്കിന് കാരണമായി. കച്ചേരിത്താഴംമുതല് പോസ്റ്റ് ഓഫീസ് ജംഗ്ഷന് വരെ നിരവധി സ്ഥലങ്ങളില്‍ റോഡിന് ഇരുവശവും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നുണ്ട്.
താരതമ്യേന വീതി കുറഞ്ഞ ഇവിടെ റോഡിന് ഇരുവശവും പാര്ക്കിംഗുമായതോടെ ഗതാഗതതടസവും രൂക്ഷമാണ്. വര്‍ഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്റെ നേതൃത്വത്തില്‍ റോഡ് വികസനത്തിന് നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി കളക്ടറുടെ നേതൃത്വത്തില്‍ വ്യാപാരികളുമായി ചര്‍ച്ചയും നടത്തി. ഓരോ വ്യാപാരിക്കും ആനുപാതികമായ നിലയില്‍ നഷ്ട പരിഹാരം നല്‍കുന്നതിനും തീരുമാനിച്ചിരുന്നു. എന്നാല്‍, ഒരു വിഭാഗം വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി നടപ്പായില്ല. റോഡ് വീതികൂട്ടി അനധികൃത പാര്‍ക്കിംഗ് നിരോധിച്ചാല്‍ മാത്രമേ മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകൂ.