കനാല്‍ റോഡിലെ കുഴി അപകടഭീഷണി

pkd-kuzhiമണ്ണാര്‍ക്കാട്: തെങ്കര ഗ്രാമപഞ്ചായത്തിലെ തെങ്കര, അമ്പംകുന്ന് കനാല്‍ റോഡിലെ കുഴി അപകടഭീഷണി. കഴിഞ്ഞവര്‍ഷമുണ്ടായ മഴയില്‍ കനാല്‍വെള്ളം സമീപത്തെ പാടശേഖരത്തിലേക്ക് ഒഴുകിയതിനെ തുടര്‍ന്നാണ് കല്‍വര്‍ട്ടിനുസമീപം കുഴി രൂപംകൊണ്ടത്.ഇതേപ്പറ്റി നാട്ടുകാര്‍ കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ ഓഫീസില്‍ പരാതി നല്കിയെങ്കിലും  നടപടിയുണ്ടായില്ല. കനാല്‍ റോഡ് വികസനത്തിനായി ഈ വര്‍ഷം ഫണ്ടില്ലെന്നാണ് ഇറിഗേഷന്‍ വകുപ്പിന്റെ ന്യായം.തെങ്കര കനാല്‍ ജംഗ്ഷനില്‍നിന്നും തോടുകാട്ടേയ്ക്കുള്ള പ്രധാന വഴിയാണിത്. സമീപത്തു പകരം റോഡുണ്ടെങ്കിലും എളുപ്പമാര്‍ഗമായതിനാല്‍ ഈ റോഡുവഴിയാണ് വാഹനങ്ങളും ജനങ്ങളും സഞ്ചരിക്കുന്നത്.

ഉപയോഗശൂന്യമായ കനാല്‍ റോഡ് അറ്റകുറ്റപ്പണി നടത്തി രണ്ടുവര്‍ഷമേ ആയുള്ളു. ഇതോടെ റോഡിലൂടെ തിരക്കും വര്‍ധിച്ചു.കനാല്‍ റോഡില്‍ രൂപംകൊണ്ട വന്‍കുഴിയില്‍ വീണ് രണ്ടുതവണ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെട്ടിരുന്നു. നടപടിയെടുക്കേണ്ട അധികൃതര്‍  വന്‍അപകടത്തിനാണോ കാത്തിരിക്കുന്നതെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഇനിയും റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സാമൂഹ്യസംഘടനകള്‍ മുന്നറിയിപ്പുനല്കി. റോഡിന്റെ നവീകരണത്തിനു തെങ്കര ഗ്രാമപഞ്ചായത്ത് താത്പര്യം കാണിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്.

Related posts