നെയ്യാറ്റിന്‍കര: നെയ്യാറിലെ കന്നിപ്പുറം കടവില്‍ പാലം എന്നത് നാട്ടുകാരുടെ ചിരകാല സ്വപ്നമാണ്. ഇന്നലെ ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പാലത്തിന് പത്തു കോടി രൂപ അനുവദിച്ചതായി അറിഞ്ഞപ്പോള്‍ നാട്ടുകാരില്‍ വീണ്ടും പ്രതീക്ഷകള്‍ വിരുന്നെത്തി. ഇക്കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അവതരിപ്പിച്ച അവസാനത്തെ ബജറ്റിലും കന്നിപ്പുറം പാലം ഇടം പിടിച്ചിരുന്നു. എല്ലാ വര്‍ഷവും നെയ്യാറ്റിന്‍കര നഗരസഭയുടെ ബജറ്റിലും കന്നിപ്പുറം പാലം വാഗ്ദാനങ്ങളിലൊന്നായി പ്രത്യക്ഷ പ്പെടാറുണ്ട്.
ഇക്കുറിയും നഗരസഭ ബജറ്റില്‍ പതിവു തെറ്റിയില്ല. എന്നാല്‍, പുതിയ ഭരണസമിതിയുടെ ആദ്യ ബജറ്റില്‍ കന്നിപ്പുറത്ത് തൂക്കുപാലം നിര്‍മിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. പിന്നീട് നടന്ന ബജറ്റ് ചര്‍ച്ചയില്‍ യുഡിഎഫ് കൗണ്‍സിലര്‍ അജിത കന്നിപ്പുറത്ത് തൂക്കുപാലമല്ല, പാലം തന്നെയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടു. മുന്‍ സര്‍ക്കാരിന്റെ ബജറ്റ് വാഗ്ദാനവും കൗണ്‍സിലര്‍ ഓര്‍മിപ്പിച്ചു. എന്തായാലും, കന്നിപ്പുറത്ത് പാലം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ തുക അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ നഗരസഭയിലെ വാദ- പ്രതിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.
കന്നിപ്പുറം കടവില്‍ പാലം യാഥാര്‍ഥ്യമായാല്‍ ഏറ്റവും സന്തോഷിക്കുന്നത് നെയ്യാറ്റിന്‍കര ഗവ. ടൗണ്‍ എല്‍പി സ്കൂളിലെ കുരുന്നുകളായിരിക്കും. ഇരുമ്പില്‍ പ്രദേശത്തു നിന്നുമാണ് ഈ സ്കൂളിലെ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും വരുന്നത്. നെയ്യാറ്റിന്‍കര നഗരത്തെ ഇരുമ്പിലുമായി ബന്ധിപ്പിക്കുന്ന പ്രധാന മാര്‍ഗമാകും കന്നിപ്പുറം പാലം. കടവില്‍ നിലവിലുള്ള തോണിയിലാണ് ഈ കുട്ടികള്‍ സ്കൂളില്‍ വന്നുപോകുന്നത്. മഴക്കാലത്ത് നദിയില്‍ ജലനിരപ്പ് ഉയരുമ്പോള്‍ തോണി ഇറക്കാറില്ല. അതുകൊണ്ടുതന്നെ മഴക്കാലത്ത് ഈ കുട്ടികള്‍ക്ക് സ്കൂളില്‍ വരാന്‍ വളരെ ബുദ്ധിമുട്ടുമാണ്. കന്നിപ്പുറത്ത് പാലം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ടൗണ്‍ എല്‍പി സ്കൂളിലെ കുട്ടികള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രിക്ക് പോസ്റ്റു കാര്‍ഡുകളും അയച്ചിരുന്നു.