കരിക്കകത്തമ്മയ്ക്ക് പതിനായിരങ്ങളുടെ പൊങ്കാല

tvm-ponkalaതിരുവനന്തപുരം :  കരിക്കകം ശ്രീചാമുണ്ട്‌ഡേശ്വരി ക്ഷേത്രത്തില്‍ പതിനായിരങ്ങള്‍ പൊങ്കാലയര്‍പ്പിച്ചു. ഇന്ന് രാവിലെ 10.15 ന് ക്ഷേത്ര തന്ത്രി പുലിയന്നൂര്‍ ഇല്ലത്ത് നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാട് ശ്രീകോവിലില്‍ നിന്നുള്ള ദീപം പണ്ടാര അടുപ്പിലേയ്ക്ക് പകര്‍ന്നതോടെ വായ്ക്കുരവകളോടെ ദേവീസ്തുതികള്‍ ഉരുവിട്ട് ഭക്തജനങ്ങള്‍ പൊങ്കാല അടുപ്പുകളിലേയ്ക്ക് തീ പകര്‍ന്നു. കടുത്ത ചൂട് വകവയ്ക്കാതെ ആയിരങ്ങളാണ് ഇത്തവണ പൊങ്കാലയര്‍പ്പിക്കാനെത്തിയത്. ക്ഷേത്രത്തിന് 6 കിലോമീറ്റര്‍ ചുറ്റളവ് പ്രദേശങ്ങളില്‍ പൊങ്കാലയടുപ്പുകള്‍ നിരന്നു.

പുലര്‍ച്ചെ മുതല്‍ തന്നെ ദേവിക്ക് പൊങ്കാലയര്‍പ്പിക്കാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്ഷേത്രത്തിലേയ്ക്ക് ഭക്തരുടെ ഒഴുക്കായിരുന്നു.  ഉച്ച കഴിഞ്ഞ് 2.15 ന് പൊങ്കാല നിവേദിക്കും. ക്ഷേത്ര തന്ത്രി ശ്രീകോവിലില്‍ നിന്നും തങ്കത്തില്‍ പൊതിഞ്ഞ ദേവിയുടെ ഉടവാള്‍ വാദ്യമേളങ്ങളോടെ പൊങ്കാല കളത്തില്‍ എഴുന്നള്ളിക്കും തുടര്‍ന്നാണ് പൊങ്കാല തര്‍പ്പണം. പൊങ്കാല തര്‍പ്പണത്തിനായി നൂറ്റമ്പതില്‍ പരം ശാന്തിമാരെയാണ് ക്ഷേത്ര കമ്മിറ്റി ഇത്തവണ നിയോഗിച്ചിട്ടുള്ളത്.

പൊങ്കാലയ്‌ക്കെത്തുന്ന ഭക്തജനങ്ങള്‍ക്കായി കെ.എസ്.ആര്‍.ടി.സി. ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് പ്രത്യേക ബസ് സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി, ഫയര്‍ഫോഴ്‌സ്, പോലീസ്, പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പില്‍ നിന്നുള്ള എന്‍സിസി കേഡറ്റുകളും ഭക്തജനങ്ങളുടെ സഹായത്തിനുണ്ട്. സേവഭാരതിയുടെ മെഡിക്കല്‍ സഹായവും ഒരുക്കിയിട്ടുണ്ട്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഭക്തര്‍ക്കായി അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്നുണ്ട്.

Related posts