കൊണ്ടോട്ടി: അബുദാബിയില്‍നിന്നെത്തിയ യാത്രക്കാരന്‍ ഫാനിന്റെ ബാറ്ററിക്കുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 3.5 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ 3.45ന് ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍നിന്നു കരിപ്പൂരിലെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുള്‍ നാസറി(39)ല്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഒരു കോടി രണ്ടു ലക്ഷം രൂപ വിലവരും. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങുന്നതിനിടെയാണു കോഴിക്കോടുനിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വര്‍ണം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പ്രിവന്റീവ് വിഭാഗം കരിപ്പൂരിലെത്തിയിരുന്നത്. ബാഗിലുണ്ടായിരുന്ന ബാറ്ററികൊണ്ടു പ്രവര്‍ത്തിക്കുന്ന ഫാനിന്റെ ബാറ്ററി മാറ്റി സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ച നിലയിലായിരുന്നു. എക്‌സറേ പരിശോധനയില്‍ കാണാന്‍ കഴിയാത്ത വിധമാണ് ഒളിപ്പിച്ചിരുന്നത്.
250 ഗ്രാം വീതമുളള 14 സ്വര്‍ണ ബിസ്കറ്റുകളാണ് ബാറ്ററിയുടെ സ്ഥാനത്ത് ഒളിപ്പിച്ചിരുന്നത്. ഗ്രീന്‍ചാനല്‍ വഴി പുറത്തുകടക്കാന്‍ ശ്രമിച്ച ഇയാളെ ഗേറ്റില്‍ തടയുകയും ബാഗേജ് തുറന്നു പരിശോധിക്കുകയുമായിരുന്നു.
സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയറാണു പിടിയിലായ അബ്ദുള്‍ നാസര്‍. 20,000 രൂപയും വിമാന ടിക്കറ്റുമാണ് ഇയാള്‍ക്കു വാഗ്ദാനം നല്‍കിയിരുന്നത്. കൊടുവള്ളി സ്വദേശിയാണ് ഇയാളെ സ്വര്‍ണക്കടത്തിനായി തെരഞ്ഞെടുത്തതെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. കസ്റ്റംസ് കമ്മീഷണര്‍ ഡോ കെ.എന്‍. രാഘവനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
കോഴിക്കോട് ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. വിഷു ആഘോഷമായതിനാല്‍ കസ്റ്റംസ് പരിശോധന കര്‍ക്കശമാവില്ലെന്നു കണ്ടാണ് ഇയാള്‍ സ്വര്‍ണക്കടത്തിനു തുനിഞ്ഞത്. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സ്വര്‍ണക്കടത്ത് സാധ്യതയുണ്ടെന്നു രഹസ്യവിവരമുളളതിനാല്‍ വിമാനത്താവളത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.