കെ.കെ. അര്‍ജുന്‍
മുളങ്കുന്നത്തുകാവ്: കലാഭവന്‍ മണിയുടെ മൃതദേഹം സൂക്ഷിച്ച മോര്‍ച്ചറിക്കുപുറത്ത് രണ്ട് ആംബുലന്‍സുകള്‍ കാത്തുകിടന്നു; മണിയുടെ മൃതദേഹവും കാത്ത്.. കലാഭവന്‍ മണി സേവനസമിതി ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിക്ക് കേരളത്തില്‍ പലയിടത്തായി മണി നല്‍കിയ പത്ത് ആംബുലന്‍സുകളില്‍ രണ്ടെണ്ണമായിരുന്നു അത്. പാവപ്പെട്ടവര്‍ക്കാശ്രയമാകാന്‍ വേണ്ടി മണി സംഭാവന ചെയ്ത ആംബുലന്‍സുകളായിരുന്നു അവ. മെഡിക്കല്‍ കോളജ് കാമ്പസില്‍ ഇന്നുരാവിലെ ആ പത്തില്‍ പല ആംബുലന്‍സുകളും എത്തിയിരുന്നു.
വാഹനാപകടങ്ങള്‍ സംഭവിച്ചാലും പാവപ്പെട്ടവര്‍ക്ക് ആശുപത്രിയില്‍ പോകാനുമൊക്കെയായി മണി മുന്‍കയ്യെടുത്താണ് ഈ പത്തു വണ്ടികളും നല്‍കിയത്. ഇതിനു പുറമെ സാമ്പത്തിക സഹായങ്ങളും മണി നല്‍കിയിരുന്നതായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ സൊസൈറ്റി ഭാരവാഹികള്‍ ഓര്‍മിച്ചു. രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ ഓരോ ജീവനും വിലപ്പെട്ടതാണ് എന്നെല്ലാം എഴുതിയ ആംബുലന്‍സുകളാണിവ. തങ്ങളെ നല്‍കിയവന്റെ മൃതദേഹം ഏറ്റുവാങ്ങിക്കിടത്തിക്കൊണ്ടുപോകാന്‍ ആംബുലന്‍സുകള്‍ മോര്‍ച്ചറിക്ക് മുന്നില്‍ കാത്തുകിടക്കുന്ന കാഴ്ച ഹൃദയസ്പര്‍ശിയായിരുന്നു. തിരുവനന്തപുരത്തേയും കൊല്ലത്തേയും വണ്ടികളാണ് മോര്‍ച്ചറിക്ക് മുന്നിലുണ്ടായിരുന്നത്.
മണിയുടെ വിയോഗം: ചാലക്കുടിയില്‍ ഹര്‍ത്താല്‍ തുടങ്ങി
ചാലക്കുടി: സിനിമ നടന്‍ കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ചാലക്കുടിയില്‍ ഇന്ന് കടകമ്പോളങ്ങള്‍ അടച്ച് ഹര്‍ത്താല്‍. തൃശൂരില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം കൊണ്ടുവന്ന മൃതദേഹം നഗരസഭ ഓഫീസില്‍ പൊതുദര്‍ശനത്തിനുവയ്ക്കുകയാണ്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള നൂറുകണക്കിനാളുകളാണ് മണിക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്.
ചേനത്തുനാട്ടിലുള്ള മണിയുടെ വീട്ടില്‍ വൈകിട്ട് അഞ്ചിന് സംസ്കാരം നടത്തും. മരണവാര്‍ത്തയറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആരാധകര്‍ മണിയുടെ വീട്ടിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി മുതല്‍ നേരം പുലരുംവരെയും മണിയുടെ വീടിനുമുന്നില്‍ ആരാധകരുടെ വന്‍ ജനക്കൂട്ടമായിരുന്നു.
മരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടന്നുവരികയാണ്. ഏതാനുംപേരെ പോലീസ് ചോദ്യം ചെയ്തുവരുന്നു. ആരെല്ലാമാണ് പാഡിയില്‍ വന്നുപോയിരുന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.