കര്‍ഷകനോടു പോയി പണിനോക്കാന്‍ കേന്ദ്രമന്ത്രി

ministerസ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ആത്മഹത്യയുടെ വക്കിലാണെന്നും സഹായിക്കണമെന്നും പറഞ്ഞ കര്‍ഷകനോട് പോയി പണി നോക്കാന്‍ കേന്ദ്ര കൃഷി സഹമന്ത്രി. മന്ത്രി സഞ്ജീവ് ബല്യാനാണു രാജസ്ഥാനിലെ കര്‍ഷകനോട് തോന്നിയപോലെ ചെയ്യാന്‍ പറഞ്ഞത്. രാജസ്ഥാനിലെ ടോങ്കില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് സംഘടിപ്പിച്ച പരിപാടിക്കിടെയാണു സംഭവം.

പ്രദേശവാസിയായ ഗിരിരാജ് ജാട്ട് എന്ന കര്‍ഷകനാണു പരാതിയുമായി മന്ത്രിക്കരികിലെത്തിയത്. ആര്‍ണിയ കാക്ഡ ഗ്രാമത്തില്‍ നിരവധി ദിവസമായി വൈദ്യുതിയില്ലെന്നും ഇതു തന്റെ കൃഷിയെ പ്രതികൂലമായി ബാധിച്ചുവെന്നുമായിരുന്നു ഗിരിരാജിന്റെ പരാതി. വൈദ്യുതി തടസം മൂലം തോട്ടം നനയ്ക്കാന്‍ കഴിയുന്നില്ല. കൃഷിനാശമുണ്ടായാല്‍ ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും ഗിരിരാജ് പറഞ്ഞപ്പോഴാണ് പോയി നോക്കാന്‍ മന്ത്രി ആക്രോശിച്ചത്. എന്നാല്‍, കര്‍ഷകനും മാധ്യമങ്ങളും വെറുതെ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണു സഞ്ജീവ് ബല്യാന്‍ പറയുന്നത്. കര്‍ഷകന്റെ പ്രശ്‌നം താന്‍ അടുത്തിരുന്ന എംഎല്‍എയെ ധരിപ്പിച്ചു. എന്നാല്‍, ഇയാള്‍ മറ്റൊരു നിയോജക മണ്ഡലത്തില്‍ നിന്നുള്ള ആളാണെന്നും അവിടുത്തെ എംഎല്‍എയെ ഫോണില്‍ വിവരം ധരിപ്പിക്കാമെന്നുമാണ് ഒപ്പമുണ്ടായിരുന്ന എംഎല്‍എ പറഞ്ഞതെന്നും ആത്മഹത്യാ പരാമര്‍ശം മാധ്യമ സൃഷ്ടിയാണെന്നും സഞ്ജയ് ബല്യാന്‍ പറയുന്നു.

രണ്ടു ദശകത്തിനുള്ളില്‍ 300,000 കര്‍ഷകര്‍ ഇന്ത്യയില്‍ ജീവനൊടുക്കിയെന്നാണു കണക്കുകള്‍. 2013ല്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നടന്ന കലാപത്തില്‍ കുറ്റാരോപിതനായിരുന്നു സഞ്ജീവ് ബല്യാന്‍.

Related posts