വൈപ്പിന്‍: സര്‍ക്കാര്‍ 1000 , 500 നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് മത്സ്യകച്ചവട ഇടപാടുകളില്‍ കൈവശമുള്ള വലിയ നോട്ടുകള്‍ വിനിമയം ചെയ്യുന്ന കാര്യത്തില്‍ കച്ചവടക്കാരും കച്ചവടത്തിന്റെ ഇടനിലക്കാരായ തരകന്‍മാരും തമ്മില്‍ ഇന്നലെ ഗോശ്രീപുരം ഹാര്‍ബറില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇന്നും കാളമുക്കില്‍ നിന്നുള്ള പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങള്‍ മത്സ്യബന്ധനത്തിനു പോയില്ല. തര്‍ക്കത്തിനു പരിഹാരമില്ലാതെ മത്സ്യം വാങ്ങില്ലെന്ന് കച്ചവടക്കാര്‍ അറിയിച്ചതോടെ ഇന്നലെ പുലര്‍ച്ചെ കടലില്‍ മത്സ്യബന്ധനത്തിനു പോയ പരമ്പരാഗത ഇന്‍ബോര്‍ഡ് വള്ളങ്ങളെല്ലാം മത്സ്യംബന്ധനം നടത്താതെ തിരികെ പോരുകയായിരുന്നു.
ഈ സാഹചര്യത്തില്‍ ഇനി പ്രതിസന്ധി പരിഹരിക്കാതെ വള്ളങ്ങള്‍ മത്സ്യബന്ധനത്തിനു പോകില്ലെന്നു കേരള പരമ്പരാഗത മത്സ്യതൊഴിലാളി സമിതി എറണാകുളം ജില്ലാ സെക്രട്ടറി പി വി ജയന്‍ അറിയിച്ചു. ബാങ്കുകള്‍ മുഖേന പണം ഡിസംബര്‍ 30 വരെ വലിയ നോട്ടുകള്‍ മാറ്റിയെടുക്കാമെന്നിരിക്കെ വലിയ നോട്ടുകള്‍ സ്വീകരിക്കുന്നതില്‍ മത്സ്യതൊഴിലാളികള്‍ക്ക് എതിര്‍പ്പില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി. മത്സ്യബന്ധന മേഖലയില്‍ ബാങ്കുകള്‍ മുഖേനയുള്ള ഇടപാടുകള്‍ താരതമ്യേന കുറവാണ്. കൂടുതലായും കറന്‍സിയാണ് കൈകാര്യം ചെയ്യുന്നത്.
ഇതു പ്രകാരം മുന്‍ ദിവസങ്ങളില്‍ മത്സ്യം വാങ്ങിയ വകയില്‍ നല്‍കാനുള്ള പണം നല്‍കാന്‍ 1000ന്റെയും 500ന്റെയും നോട്ടുകളുമായി മത്സ്യകച്ചവടക്കാര്‍ ഇന്നലെ രാവിലെ ഹാര്‍ബറില്‍ എത്തിയപ്പോള്‍ തരകന്‍മാര്‍ വാങ്ങിക്കാന്‍ കൂട്ടാക്കാതെ വന്നതാണ് പ്രതിസന്ധിക്ക് തുടക്കമായതെന്ന് കേരള ഫിഷ് മര്‍ച്ചന്റ്‌സ് ആന്‍ഡ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റ് മുല്ലക്കര സലീം സെക്രട്ടറി കെ പി രതീഷ് എന്നിവര്‍ ആരോപിച്ചു.
വലിയ നോട്ടുകള്‍ സര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ ഇന്നലെ ആരും തന്നെ ഇത് ക്രയവിക്രയത്തിനു ഉപയോഗിച്ചിട്ടില്ലെന്നിരിക്കെ തങ്ങള്‍ മാത്രം ഇത് വാങ്ങിവച്ചിട്ടു കാര്യമെന്തെന്നാണ് തരകന്‍സ് അസോസിയേഷന്‍ സെക്രട്ടറി എ ആര്‍ ചന്ദ്രബോസ് ചോദിക്കുന്നത്. ഒരു ശതമാനം കമ്മീഷനില്‍ മത്സ്യഫെഡിനു വേണ്ടി ജോലി ചെയ്യുന്ന തൊഴിലാളികളാണ് തരകന്‍മാരെന്നും ഇദ്ദേഹം വ്യക്തമാക്കി. ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ഇന്ന് എന്തെങ്കിലും പരിഹാരം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.