തൃശൂര്‍: കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുകാണിച്ച് മാതാപിതാക്കള്‍ നല്കിയ പരാതി മനുഷ്യാവകാശ കമ്മീഷന് പരിഗണനയ്ക്കായി ഫയലില്‍ സ്വീകരിച്ചു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ എട്ടിനാണ് അരിമ്പൂര്‍ തോപ്പില്‍ ടി.പി. രാജന്റെ മകള്‍ ശ്രീഷയെ കലാമണ്ഡലം വനിത ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കലാമണ്ഡലം രജിസ്ട്രാര്‍ കെ.കെ. സുന്ദരേശന്, വൈസ് ചാന്‍സലര്‍ സുരേഷ്, ഹോസ്റ്റല്‍ വാര്ഡന് വത്സല എന്നിവരെ പ്രതിചേര്‍ത്തു മരണത്തിലെ ദുരൂഹത സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ കമ്മീഷനു പരാതി നല്‍കിയത്.
പാലിയേക്കര ടോള്‍പ്ലാസയില്‍ ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് വീണ്ടും റിപ്പോര്‍ട്ട് തേടി. അപമര്യാദയായി പെരുമാറിയതിനു തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് ദേശീയപാത പാലക്കാട് പ്രോജക്ട് ഡയറക്ടര്‍ കഴിഞ്ഞ സിറ്റിംഗില്‍ ആവശ്യപ്പെട്ട പ്രകാരം സമര്‍പ്പിച്ചത്. പരാതിക്കാരനായ ജെയിംസ് മുട്ടിക്കലിനും ഇതേ റിപ്പോര്ട്ടുതന്നെയാണ് നല്‍കിയതെന്നു കമ്മീഷന് നിരീക്ഷിച്ചു. ഇതേത്തുടര്‍ന്നാണ് കമ്മീഷനംഗം കെ. മോഹന്‍കുമാര്‍ വിശദമായ റിപ്പോര്‍ട്ട് വീണ്ടും ആവശ്യപ്പെട്ടത്.
ഡയറക്ടറുടെ നിര്‍ദേശപ്രകാരം പാലക്കാട് പ്രോജക്ട് ഡയറക്ടര്‍ ഓഫീസിലെ ജീവനക്കാരനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എത്തിയത്. ചെറിയ അക്ഷരത്തില്‍ ടൈപ്പ് ചെയ്ത നിലയിലായിരുന്നു റിപ്പോര്‍ട്ട്. വായിക്കാതിരിക്കാനാണോ ഇത്തരത്തില്‍ റിപ്പോര്‍ട്ട് അടിച്ചുനല്കിയതെന്നു കമ്മീഷനംഗം ജീവനക്കാരനോടു ചോദിച്ചു. റിപ്പോര്‍ട്ട് പഠിച്ചശേഷം അടുത്ത സിറ്റിംഗില്‍ നടപടി സ്വീകരിക്കാമെന്ന ഉറപ്പും നല്കി. ടോള്‍ നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് അധികൃതരോട് വിശദീകരണം നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.
നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നേരത്തെ നടന്ന സമരത്തിലെ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്നു ജീവനക്കാര്‍ പരാതി നല്കി. പുതിയതായി ജീവനക്കാര്‍ക്കു നല്കിയ യൂണിഫോം, സമരം ചെയ്ത് തിരിച്ചെടുത്ത അഞ്ചുപേര്‍ക്കും നല്‍കിയില്ലെന്നാണ് പ്രധാന പരാതി. ഞായറാഴ്ച അവധി നല്‍കുമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ല. പ്രതികാര നടപടികളുമായി മാനേജ്മെന്റ് മുന്നോട്ടുപോകുകയാണെന്നും സ്ഥാപനത്തില്‍ ട്രേഡ് യൂണിയന് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ലെന്നുമാണ് പരാതി. നിങ്ങള്‍ കേരളത്തില്‍തന്നെയല്ലേ ജീവിക്കുന്നത് എന്നായിരുന്നു കമ്മീഷന്റെ മറുചോദ്യം. അടുത്ത സിറ്റിംഗില്‍ തുടര്‍നടപടി സ്വീകരിക്കും.