ശ്രീകണ്ഠപുരം: കിണറ്റില്‍ ചെളിവെള്ളം നിറയുന്നതിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. കല്യാട് സ്കൂള്‍ പരിസരങ്ങളിലും സമീപ പ്രദേശങ്ങളിലുമുള്ള വീട്ടുകിണറുകളാണ് ചെളിവെള്ളം നിറഞ്ഞു മലിനമായത്. മഴ തുടങ്ങിയതോടെയാണ് കിണര്‍വെള്ളം ചെളി നിറഞ്ഞ് മലിനമായി തുടങ്ങിയത്. ചെമ്മണ്ണ് കലര്‍ന്ന വെള്ളം കുടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ കഴിയാത്ത അവസ്ഥയാണ്. ആഴമുള്ള കിണറുകളിലാണ് ഏറെയും ചെളിവെള്ളം നിറഞ്ഞത്.
സമീപത്തെ ചെങ്കല്‍ ക്വാറികളില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിയെത്തിയാണു കിണര്‍ മലിനമാകുന്നതെന്നു നാട്ടുകാര്‍ പറയുന്നു. കനത്ത മഴയില്‍ ചെങ്കല്‍ ഖനനം നടത്തുന്നതിനെതിരേ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പ്രദേശത്തെ അനധികൃത ചെങ്കല്‍ ഖനനത്തിനെതിരേയും വ്യാപക പ്രതിഷേധമാണുള്ളത്.
കിണര്‍ മലിനമായതോടെ ഒട്ടേറെ വീടുകളില്‍ കുടിവെള്ളമില്ലാതായി. പ്രദേശത്തെ അനധികൃത ചെങ്കല്‍ ഖനനത്തിനെതിരേ നടപടി സ്വീകരിക്കാന്‍ റവന്യൂ അധികൃതര്‍ തയാറായില്ലെങ്കില്‍ വില്ലേജ് ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി എം.പി. ഹാരിസ് പറഞ്ഞു.