കളഞ്ഞുകിട്ടിയ പണം ഉടമയ്ക്കുതിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

tvm-auto-driverപോത്തന്‍കോട്:  കനത്ത ജീവിത പ്രാരാബ്ദങ്ങളില്‍  ബുദ്ധി മുട്ടുമ്പോഴും റോഡരികില്‍  കിടന്നു കിട്ടിയ ഒരു ലക്ഷത്തി പത്തൊന്‍പതിനായിരം രൂപ പോത്തന്‍കോട് പോലീസ് സ്റ്റേഷനില്‍ എത്തിച്ച ഓട്ടോ ഡ്രൈവറായ ശാന്തിഗിരി തിട്ടയത്തുകോണം അങ്കണംവിള കിഴക്കേവീട്ടില്‍ അരുണ്‍കുമാര്‍ നാടിനു മാതൃകയായി.  ഇന്നലെ  രാവിലെ   കരൂര്‍ സന്ധ്യാ ഭവന്‍ ചന്ദ്രന്റെ പണമാണ് പോത്തന്‍കോടിനു സമീപം അക്ഷയ കേന്ദ്രത്തിനു മുന്‍വശത്തു നഷ്ടപ്പെട്ടത്.

പൂലന്തറ ഓട്ടോ സ്റ്റാന്‍ഡില്‍  കൂലിക്ക് ഓട്ടോ ഓടിക്കുന്നയായിരുന്ന  അരുണ്‍ പൂലന്തറയില്‍ നിന്നും പോത്തന്‍കോട് അക്ഷയ കേന്ദ്രത്തിലേക്ക് ഉച്ചയ്ക്ക് പന്ത്രണേ്ടാടെ ഓട്ടം വരവെ അക്ഷയ കേന്ദ്രത്തിന്റെ സമീപത്തെ കടയില്‍ നിര്‍ത്തി ആളെ ഇറക്കുമ്പോഴാണ് റോഡരികില്‍ കെട്ടുകളായി പണം കിടക്കുന്നത് അരുണിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോത്തന്‍കോട് പോലീസ് സ്‌റ്റേഷനിലെത്തി പണം ഏല്‍പ്പിച്ചു.

ചന്ദ്രന്‍ അയിരൂപ്പാറ തേരുവിളയിലെ വീട് നിര്‍മാണത്തിനായി രാവിലെ പത്തരയോടെ അയിരൂപ്പാറ ഫാര്‍മേഴ്‌സ് ബാങ്കില്‍ നിന്നും  പണം പിന്‍വലിച്ചു വരുന്നതിനിടെ ആണ് പണം നഷട്ടെപ്പെട്ടത്. തുടര്‍ന്ന് ചന്ദ്രന്‍  പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുമ്പോള്‍ ആണ്  പണം സ്റ്റേഷനില്‍ കിട്ടിയെന്ന് അറിഞ്ഞത്. തുടര്‍ന്ന് പോലീസ് ഓട്ടോ ഡ്രൈവറായ അരുണിനെ വിളിച്ചു വരുത്തി. പണത്തിനുടമയായ ചന്ദ്രന്‍ ചെറിയൊരു പ്രതിഫലം നല്‍കിയാണ് അരുണിനെ മടക്കിയയച്ചത്. ഓട്ടോ ഓടിച്ചു കിട്ടുന്നതാണ് അരുണിന്റെ ആകെ ഉള്ള വരുമാനം. വീട് വച്ചതിലും കടമുണ്ട്.

Related posts