കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് തിരികെ നല്‍കി കണ്ടക്ടര്‍ മാതൃകയായി

alp-conductorsabuതിരുവല്ല: പണമടങ്ങിയ പഴ്‌സ് ഉടമസ്ഥന് തിരികെ നല്‍കി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മാതൃക കാട്ടി. തിരുവല്ല ഡിപ്പോയിലെ കണ്ടക്ടര്‍ എരുമേലി മുക്കുട്ടുതറ കൊല്ലമുള ആറാക്കല്‍ വീട്ടില്‍ സാബുവര്‍ഗീസാണ് മാതൃക കാട്ടിയത്. കഴിഞ്ഞ 24ന് തിരുവല്ലയില്‍നിന്നും പുലര്‍ച്ചെ 5.50 ന്പുറപ്പെട്ട തൃശൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ആലുവയ്ക്ക് യാത്രചെയ്ത ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ സ്വദേശി വിനോദിനാണ് പണമടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടത്.

വിനോദ് തിരികെ തിരുവല്ലയില്‍ എത്തിയപ്പോഴാണ് പഴ്‌സ് നഷ്ടമായവിവരം അറിയുന്നത്. ബസില്‍നിന്നും പഴ്‌സ് ലഭിച്ച കണ്ടക്ടര്‍ സാബു വര്‍ഗീസ് മറ്റുരേഖകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഉടമയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. പഴ്‌സില്‍  ഉണ്ടായിരുന്ന വാഹന പാര്‍ക്കിംഗ് രസീതിനുള്ളിലെ വണ്ടി നമ്പര്‍ പത്തനംതിട്ട എസ്പിക്ക് കൈമാറുകയും തുടര്‍ന്ന് സൈബര്‍ സെല്‍ മുഖാന്തരം വിലാസം കണ്ടുപിടിച്ച് എസ്പി സാബു വര്‍ഗീസിനു നല്‍കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം വിനോദിന്റെ വീട്ടിലേക്ക് രജിസ്റ്റര്‍ തപാലില്‍ കത്തയച്ചു.

വിനോദ് കെഎസ്ആര്‍ടിസി തിരുവല്ല ഡിപ്പോയിലെ ഓഫീസിലെത്തി പഴ്‌സ് ഏറ്റുവാങ്ങി. മുമ്പും ഇതേപോലെ ബസില്‍ വച്ച് കളഞ്ഞുപോയ ലാപ്‌ടോപ്, പഴ്‌സ്, സ്മാര്‍ട്ട് ഫോണ്‍, വാച്ച് എന്നിവ സാബു വര്‍ഗീസ് ഉടമസ്ഥരെ തിരിച്ചേല്പിച്ച് മാതൃക കാട്ടിയിട്ടുണ്ട്.

Related posts