ഇരിട്ടി: വെട്ടേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴുവയസുകാരന്റെ മൊഴി ഇരിട്ടി പോലീസ് ഇന്നു രേഖപ്പെടുത്തും. കാക്കയങ്ങാട് പാലപ്പുഴയിലെ അങ്ങാടിച്ചാല്‍ രാഹുല്‍-രമ്യ ദമ്പതികളുടെ മകനും രണ്ടാംക്ലാസ് വിദ്യാര്‍ഥിയുമായ കാര്‍ത്തികിന് (ഏഴ്) ആണ് ഇന്നലെ രാത്രി ഏഴോടെ വീട്ടില്‍ വച്ച് വെട്ടേറ്റത്. കൈക്കു വെട്ടേറ്റ കാര്‍ത്തികിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമ്യയുടെ സഹോദരന്‍ മനു ആണ് വെട്ടിയതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. സംഭവസമയത്ത് രാഹുല്‍ സ്ഥലത്തുണ്ടായിരുന്നില്ല. ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ജയിലിലായിരുന്ന മനു ജാമ്യത്തിലിറങ്ങിയിരുന്നു.
സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ വിരോധമാണെന്ന് ആര്‍എസ്എസ് ആരോപിക്കുന്നത്. രാഹുലിന്റെ വീട്ടിലെത്തിയ മനു തന്നെ ഒറ്റിയത് സഹോദരിയും ഭര്‍ത്താവുമാണെന്നു പറഞ്ഞ് അക്രമം നടത്തുമ്പോള്‍ കുട്ടിക്കു വെട്ടേല്‍ക്കുകയായിരുന്നു വെന്നാണ് ആര്‍എസ്എസ് നേതാക്കള്‍ പറയുന്നത്. മനുവിന്റെ കൂടെ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നുവെന്നും ആര്‍എസ്എസ് നേതാക്കള്‍ ആരോപിക്കുന്നുണ്ട്.
എന്നാല്‍ സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നും കുടുംബപ്രശ്‌നമാണെന്നുമാണ് സിപിഎം നേതാക്കള്‍ പറയുന്നത്. ഏഴുവയസുകാരനു വെട്ടേറ്റ സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ വിരോധമാണെന്നതിന് ഇതുവരെ തെളിവുകളൊന്നു ലഭ്യമായിട്ടില്ലെന്നാണ് പോലീസും പറയുന്നത്. ഇരിട്ടി എസ്‌ഐ കെ. സുധീറിന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.