കാടും പടര്‍പ്പും പിടിച്ച് ഉപയോഗശൂന്യമായ കാട്ടുകുളം നവീകരിക്കാന്‍ കൂടെയുണ്ടെന്ന് നാട്ടുകാര്‍

tvm-kattukulamസ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: കാടും പടര്‍പ്പും പിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന കുളം നവീകരിക്കാനുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയോട് നാട്ടുകാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ ഇനിയെങ്കിലും ഇതൊന്നും  വാഗ്ദാനമായി അവശേഷിക്കാന്‍ ഇടവരുത്തരുതെന്ന്  അവര്‍ അധികൃതരെ ഓര്‍മിപ്പിച്ചു. പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലെ വടക്കേവിള വാര്‍ഡിലെ പഴക്കം ചെന്ന ജലസ്രോതസ്സാണ് കാട്ടുകുളം. ചിറയില്‍കുളം എന്നായിരുന്നു പഴയ പേര്. പരിസരപ്രദേശ ങ്ങള്‍ക്കാകെ ജലസമൃദ്ധി സമ്മാനിച്ചിരുന്ന കാട്ടുകുളത്തിന്റെ പ്രൗഡി മുതിര്‍ന്ന തലമുറയുടെ ഓര്‍മകളില്‍ മാത്രമായി അവശേഷിക്കുന്നു. ഇവിടുത്തെ തെളിമയുള്ള വെള്ളത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ നീന്തിത്തുടിച്ചു.

തൊട്ടടുത്ത പഞ്ചായത്തായ ബാലരാമപുരത്തെ ടൗണ്‍ നിവാസികള്‍ക്കു പോലും ഈ കുളം പ്രയോജന പ്പെട്ടിരുന്നു വെന്ന് നാട്ടുകാര്‍  ചൂണ്ടിക്കാട്ടി. പരിസരത്തെ പാടശേഖരങ്ങള്‍ക്കും ആശ്രയമായിരുന്ന കുളത്തിന്റെ അടിയില്‍ കളിമണ്ണും മണലുമാണെന്നാണ് പറയപ്പെടുന്നത്. വര്‍ഷകാലത്ത് കുളം നിറയുമ്പോള്‍ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനവും ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു ദശകമായി യാതൊരു വിധത്തിലും ഉപയോഗിക്കാ നാവാത്ത നിലയിലാണ് ഈ കുളം. ജലാശയത്തോട് ചേര്‍ന്ന് നിര്‍മിച്ച ടാങ്കും കാട് കൊണ്ട് മൂടപ്പെട്ടുകഴിഞ്ഞു.

ഈ സാഹചര്യത്തിലാണ് നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ കാട്ടുകുളത്തിന്‍ കരയില്‍ ജനകീയ സദസ്സ് വിളിച്ചുചേര്‍ത്തത്.  അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പൂങ്കോട് ഡിവിഷനിലെ കാട്ടുകുളം സംരക്ഷിക്കുക എന്നതായിരുന്നു  അജണ്ട. 50 ലക്ഷം രൂപ ചെലവഴിച്ച് കുളം നവീകരണം, പാര്‍ക്ക് നിര്‍മാണം മുതലായ നിരവധി ജനോപകാര പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹവും ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും വിശദീകരിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. എന്നാല്‍ കുളത്തിലെ ചളി വാരാന്‍ തൊഴിലാളി കളെക്കൊണ്ട് മാത്രമായി സാധിക്കുക യില്ലെന്നും യന്ത്രസഹായം ലഭ്യമാക്കണ മെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കുളത്തിന്റെ കരയിലായി മുന്‍ പഞ്ചായത്ത് ഭരണസമിതി ആംഗന്‍വാടി നിര്‍മിക്കാ നൊരുങ്ങിയതും നിയമാനുസൃതമായ വിലക്കിന്റെ അടിസ്ഥാനത്തില്‍   പണി പൂര്‍ത്തിയാകാഞ്ഞതും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. കനത്ത മഴയില്‍ മണ്ണെല്ലാം കുത്തിയൊലിച്ച് കുളത്തില്‍ തന്നെ വീഴുന്ന ഇടത്തായിരുന്നു ആംഗന്‍വാടി നിര്‍മിക്കാന്‍ ഒരുങ്ങിയത്.   അന്നത്തെ ശ്രമത്തിന്റെ അടയാളങ്ങളായി കുളത്തിന്റെ കരയില്‍ കുറെ മണ്‍കട്ടകളുമുണ്ട്. കെട്ടിട നിര്‍മാണത്തിനായി എടുത്ത കുഴിയും കാടു പിടിച്ച നിലയിലാണ്. ഇതെല്ലാം ജനകീയ സദസില്‍ പങ്കെടുത്തവര്‍ ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തി.

ജനകീയ പങ്കാളിത്തത്തോടെയാണ് കാട്ടുകുളം നവീകരണ പദ്ധതി യാഥാര്‍ഥ്യ മാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് ആവര്‍ത്തിച്ചു. പദ്ധതിയെക്കുറിച്ച് ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒ സുരേഷ്കുമാര്‍ വിശദീകരിച്ചു.  പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് അംഗം വടക്കേവിള ശശിധരന്‍ അധ്യക്ഷനായ യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഭഗവതിനട ശിവകുമാര്‍, ബാലരാമപുരം ശശി, സജി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഡി. സുരേഷ്കുമാര്‍, എന്‍ആര്‍ഇജി എ.ഇ പ്രമോദ്കുമാര്‍,  ഗോപി എന്നിവര്‍ സംബന്ധിച്ചു. സദസ്സില്‍ പങ്കെടുത്ത മുതിര്‍ന്ന അംഗം സി.ആര്‍ ഗോപി കാട്ടുകുളം സംരക്ഷണ ദീപം കൊളുത്തി.

Related posts