ഒറ്റപ്പാലം: വിജയം അവകാശപ്പെടുമ്പോഴും എന്താണ് സംഭവിക്കുകയെന്ന ആശങ്കയോടെ മുന്നണികള്‍. വോട്ടിംഗ് കഴിഞ്ഞു കൂട്ടലും കിഴിക്കലും നടത്തിയിട്ടും വ്യക്തമായൊരു രൂപത്തിലെത്താന്‍ ഒരുമുന്നണിക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കഴിയാത്ത സ്ഥിതിയാണുള്ളത്. ബൂത്തുതലത്തില്നിന്നും കിട്ടിയ കണക്കുകള്‍ പരിശോധിക്കുകയും ഇതില്‍ തൃപ്തിവരാതെ വീശദമായ വിശകലനം നടത്തുകയും ചെയ്യുന്ന തിരക്കിലായിരുന്നു ഇന്നലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം.
മുന്‍കാലങ്ങളില്‍ ഓരോ ബൂത്തുകളില്‍നിന്നും ലഭിക്കുന്ന കണക്കുകള്‍ വിശകലനം ചെയ്ത് കൃത്യമായി ജയപരാജയങ്ങള്‍ കണക്കുകൂട്ടി പറയാനുള്ള കൃത്യത സിപിഎമ്മിനും ഇടതുപക്ഷത്തിനും ഉണ്ടായിരുന്നു. എന്നാല്‍ താഴെതട്ടില്‍നിന്നും അനുഭവസമ്പത്തുള്ള തഴക്കവും പഴക്കവും ചെന്നവര്‍ കുറയുകയും ഇപ്പോഴുള്ളവര്‍ നല്കുന്ന കണക്കുകള്‍ അബദ്ധങ്ങളായി തീരുകയു ംചെയ്യുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പിനുശേഷം നടത്തുന്ന വിശകലനത്തില്‍ കൃത്യമായൊരു ഉത്തരത്തിലെത്താന്‍ സിപിഎമ്മിനും കഴിയാതെ പോകുന്നത്.
പ്രാഥമിക നിഗമനപ്രകാരം യുഡിഎഫ് നടത്തിയ അവലോകനപ്രകാരം നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തുമെന്നും ചില സീറ്റുകളില്‍ അട്ടിമറി വിജയം നേടാന്‍ കഴിയുമെന്നുമാണ്. കോങ്ങാട് മണ്ഡലമാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ അവകാശപ്പെടുന്ന ഒരു മണ്ഡലം. ജില്ലയില്‍ വളരെ അനുകൂലമായ സാഹചര്യമാണ് യുഡിഎഫിനെന്നാണ് വിലയിരുത്തല്‍ യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം.
അതേസമയം ചില സീറ്റുകള്‍ അട്ടിമറിയിലൂടെ പിടിച്ചടക്കാന്‍ അനുകൂല രാഷ്ട്രീയമാറ്റം ഉണ്ടായതായി എല്‍ഡിഎഫും വിലയിരുത്തുന്നു. ജില്ലയില്‍ നാലു മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇതിലൊന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് മത്സരിക്കുന്ന മലമ്പുഴയും ഉള്‍പ്പെടുന്നു.കൂട്ടിക്കിഴിക്കലുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കേ കണക്കുകൂട്ടലുകള്‍ തീരാന്‍ ഇനി ഒരുനാള്‍ മാത്രം കാത്തിരുന്നാല്‍ മതി.