കാനം രാജേന്ദ്രനെതിരേ പി. ജയരാജന്‍; ‘കാനത്തിന് നിഷേധിക്കാനാവാത്ത ചരിത്രം കണ്ണൂരിനുണ്ട് “

jayarajanകാനം രാജേന്ദ്രനെതിരേ പി. ജയരാജന്‍; ‘കാനത്തിന് നിഷേധിക്കാനാവാത്ത ചരിത്രം കണ്ണൂരിനുണ്ട് “കണ്ണൂര്‍: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കാനത്തിന് നിഷേധിക്കാനാവാത്ത ചരിത്രം കണ്ണൂരിനുണ്ടെന്നും  അക്രമത്തെയും അടിച്ചമര്‍ത്തിലിനെയും അടിമമനോഭാവത്തോടെ കാണുന്നവരല്ല കണ്ണൂരുകാരെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.ജയരാജന്‍ പറഞ്ഞു. പ്രതികരണങ്ങള്‍ പാടില്ലെന്ന നിലപാട് കേരള സമൂഹത്തിന്റെ വളര്‍ച്ചയുടെ ഭാഗമല്ല. അക്രമികള്‍ക്കെതിരേ സിപിഎം നടത്തുന്നത് ചരിത്രപരമായ പ്രതിരോധമാണ്. ഇക്കാര്യം മനസിലാക്കത്തതുകൊണ്ടാണ് കാനം ഇത്തരത്തില്‍ പ്രതികരിച്ചത്-ജയരാജന്‍ പറഞ്ഞു.

ആര്‍എസ്എസിന്റെ ഭീതിജനിപ്പിക്കുന്ന കൊലപാതകങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ സിപിഎം തയാറല്ല. കണ്ണൂരില്‍ സമാധാനം വേണമെന്ന് തീരുമാനിക്കേണ്ടത് ആര്‍എസ്എസ് നേതൃത്വമാണ്. അവര്‍ തീരുമാനിച്ചാല്‍ കണ്ണൂരില്‍ ശാശ്വത സമാധാനമുണ്ടാകും. ജില്ലയ്ക്കു വെളിയില്‍ നിന്നുവരുന്ന ആര്‍എസ്എസ് പ്രചാരക്മാരാണ് അക്രമങ്ങള്‍ക്കു പിന്നില്‍. ഇത്തരക്കാരെ ഗൂഢാലോചന കുറ്റംചുമത്തി പിടികൂടാന്‍ പോലീസ് തയാറാകണം.

പാതിരിയാട് വാളാങ്കിച്ചാലിലെ മോഹനന്റെ കൊലപാതക ആസുത്രണത്തിന് പിന്നില്‍ പി.കെ.കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ജയരാജന്‍ ആരോപിച്ചു. 10നാണ് മോഹനന്‍ കൊലക്കത്തിക്കിരയായത്. അതിനുമുമ്പ് മൂന്നിന് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ രജിസ്റ്റര്‍ നമ്പര്‍ ഇല്ലാത്ത വാഹനത്തില്‍ വന്നാണ് സിപിഎം അക്രമം നടത്തുന്നതെന്ന് കൃഷ്ണദാസ് ആരോപിച്ചിരുന്നു. അക്രമണത്തെ തുടര്‍ന്നുണ്ടാകുന്ന ബഹുജന രോഷത്തെ മറച്ചുവയ്ക്കാനുള്ള കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യമായിരുന്നു ഇത്. സിപിഎമ്മിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന ആര്‍എസ്എസ് ശ്രമം നടപ്പാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും വര്‍ഗീയ- തീവ്രവാദത്തിനും ആര്‍എസ്എസ് ആക്രമണങ്ങള്‍ക്കുമെതിരേ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹന പ്രചാരണജാഥകള്‍ സംഘടിപ്പിക്കും. പി.ജയരാജന്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ നാളെ വൈകിട്ട് തലശേരിയില്‍ പോളിറ്റ് ബ്യൂറോ എം.എ.ബേബി ഉദ്ഘാടനം ചെയ്യും. 25ന് ചാലോട് സമാപിക്കും.  സംസ്ഥാന കമ്മിറ്റിയംഗം എം.വി.ജയരാജന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ 23ന് വൈകുന്നേരം അഞ്ചിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 28ന് തളിപ്പറമ്പില്‍ സമാപിക്കും.

Related posts