ആലപ്പുഴ: മഴക്കാല പൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാന വൃത്തിയാക്കാനായി റോഡ് പൊളിച്ച നഗരസഭ റോഡ് പുനര്‍നിര്‍മിക്കുന്ന കാര്യം മറന്നു. മുല്ലയ്ക്കല്‍ തെരുവില്‍ ക്ഷേത്രത്തിന് തെക്കുവശം മാസങ്ങള്‍ക്ക് മുമ്പ് റോഡിനടിയിലൂടെയുള്ള കാന വൃത്തിയാക്കുന്നതിനായി നഗരസഭ റോഡ് പൊളിച്ചിരുന്നു.
കാന വൃത്തിയാക്കിയെന്നുപറഞ്ഞ് റോഡ് പൊളിച്ച സ്ഥലത്ത് ഗ്രാവലും മെറ്റലും വിരിക്കുകയും ചെയ്തു. മഴക്കാലമായതോടെ മുല്ലയ്ക്കല്‍ തെരുവ് പഴയപോലെ തന്നെ വെള്ളക്കെട്ടിലായിരുന്നു. രോഡ് പൊളിച്ചഭാഗം പുനര്‍ നിര്‍മിക്കേണ്ട നഗരസഭയാകട്ടെ അതിന് തയാറായതുമില്ല. നിലവില്‍ പൊളിച്ച ഭാഗത്ത് മെറ്റലുകള്‍ ചിതറിയ നിലയിലാണ്. റോഡില്‍ രൂപപ്പെട്ട കുഴിയില്‍ ഇരുചക്രവാഹനങ്ങള്‍ വീണ് നിയന്ത്രണം വിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മഴക്കാലത്ത് റോഡ് പൊളിച്ച ഭാഗത്ത് വെള്ളം കെട്ടിനില്ക്കുന്നതിനാല്‍ ഇത്തരത്തില്‍ കുഴിയുള്ളതറിയാതെ ഇരുചക്ര വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും ഒരുപോലെ അപകടത്തില്‍പ്പെട്ടേക്കാനിടയുണ്ട്.