കാമ്പസുകളിലെ ലഹരി-ലൈംഗിക അതിക്രമങ്ങള്‍ ഒഴിവാക്കും; സര്‍വകലാശാലകളില്‍ വിദ്യാഭ്യാസ നിലവാരം വര്‍ധിപ്പിക്കാന്‍ നടപടി: ഗവര്‍ണര്‍

tcr-sadasivamസ്വന്തം ലേഖകന്‍

തൃശൂര്‍: പഠനം പൂര്‍ത്തിയാക്കുന്ന പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്കു തൊഴിലവസരം വര്‍ധിപ്പിക്കാന്‍ വിദേശ കമ്പനികളുടെയും സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരുടെയും സഹായം തേടണമെന്നു ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ വിളിച്ചുചേര്‍ത്ത കേരളത്തിലെ 13 സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെയും യോഗത്തിനുശേഷം തീരുമാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോടു വിവരിക്കുകയായിരുന്നു.

പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ തൊഴിലവസരമുണ്ടാക്കുന്ന നടപടികളെടുക്കണമെന്നു സര്‍വകലാശാലാ വിസിമാരോടു ഗവര്‍ണര്‍ ആവശ്യപ്പെട്ടു. എന്‍ജിനീയറിംഗ് കോളജുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസമുണ്ടാക്കാന്‍ കഴിയണം. ഇത്തരത്തില്‍ വിവിധ കമ്പനികളുടെ സഹായം തേടുന്ന കാര്യത്തില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി മാതൃകയാണെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ 23-ാം സ്ഥാനത്താണ് കുസാറ്റ് എത്തിയിരിക്കുന്നത്. തൊഴിലവസരം വര്‍ധിപ്പിക്കാന്‍ കോര്‍പറേറ്റ് കമ്പനികളുമായി ധാരണാപത്രമുണ്ടാക്കണം.

കാമ്പസുകളില്‍ ലൈംഗികാതിക്രമം ഉണ്ടായെന്ന പരാതിയില്‍ എന്തു നടപടിയെടുത്തുവെന്ന വിവരം പരസ്യമാക്കുമെന്നു ഗവര്‍ണര്‍ വ്യക്തമാക്കി.  സന്നദ്ധ സംഘടനകള്‍ക്കും ഇതു പരിശോധിക്കാന്‍ അവസരമുണ്ടാകണമെന്നു ധാരണയായി.

കാമ്പസുകള്‍ പുകയിലവിമുക്തവും ലൈംഗികാതിക്രമമില്ലാത്തതുമായി മാറ്റാന്‍ നടപടികളെടുക്കും. മയക്കുമരുന്ന് ഉപയോഗം വിദ്യാര്‍ഥികള്‍ക്കിടയില്‍ പൊതുസമൂഹത്തിലേക്കാള്‍ കൂടിയ തോതിലാണ്.  യുവത്വം പരീക്ഷണ വസ്തുവാക്കപ്പെടുന്നതിനാലാണ് ഇവയുടെ ഉപയോഗം കുടുന്നത്.

വിദ്യാഭ്യാസനിലവാരം ഉയര്‍ത്താന്‍ അടുത്ത മൂന്നോ നാലോ മാസത്തിനകം അക്കാദമിക് ചര്‍ച്ചകള്‍ക്കു മാത്രമായി വിസിമാരുടെ യോഗം വിളിക്കും. കൃത്യമായ ടൈംടേബിള്‍ ഉണ്ടാക്കി പരീക്ഷകള്‍ സുഗമമായി നടത്തണം. അതിനുശേഷം വിദ്യാഭ്യാസ നിലവാരം വര്‍ധിപ്പിക്കാന്‍ നടപടികളെടുക്കും. ശരിയായ ടൈംടേബിള്‍, പഠനക്രമം, പാഠ്യവിഷയം, ഫാക്കല്‍റ്റി എന്നീ കാര്യങ്ങളിലൂന്നിയാണ് മുഖ്യമായും ചര്‍ച്ച നടത്തിയത്. പ്രവേശനത്തിനും പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനും സമയക്രമം നിശ്ചയിക്കും. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ അറിയിക്കണം.

ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സുകള്‍ വ്യാപകമാക്കും. അടുത്തവര്‍ഷം  എത്ര കോഴ്‌സുകള്‍ തുടങ്ങാനാകുമെന്നു മുന്‍കൂട്ടി വിസിമാര്‍ക്കു ധാരണയുണ്ടാകണം. സ്വാശ്രയ കോളജുകളില്‍ പരീക്ഷാനടത്തിപ്പ് കൃത്യമായി നടത്തണം. പരീക്ഷാഹാളുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണം. ഫാക്കല്‍റ്റികള്‍ക്കു കാലാനുസൃതമായ നവീകരണം വേണം. ഗവേഷണത്തിനും ഊന്നല്‍ നല്‍കണം. പഠനരീതിയും മെച്ചമാക്കണം.

കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകള്‍ കൃഷിക്കാരുമായി കൂടുതല്‍ സൗഹൃദത്തോടെ ഇടപെടണം. കീടനാശിനി ഉപയോഗം, നവീന കൃഷിമുറകള്‍, ദൈനംദിന പ്രശ്‌നങ്ങള്‍, പുതിയ കണ്ടുപിടിത്തങ്ങള്‍ എന്നിവ സംബന്ധിച്ച അറിവുകള്‍ കര്‍ഷകര്‍ക്കു ലഭ്യമാകണം. ഫിഷറീസ് വകുപ്പ് കാലാവസ്ഥയെകുറിച്ചും മാര്‍ക്കറ്റിംഗിനെ കുറിച്ചും പുതിയ വിവരങ്ങള്‍ നല്‍കണം.

സംസ്ഥാനത്തെ മികച്ച യൂണിവേഴ്‌സിറ്റിക്ക് അഞ്ചുകോടി രൂപയുടെ ചാന്‍സലേഴ്‌സ് ട്രോഫി ഈ വര്‍ഷവും നല്‍കും. ആവശ്യമായ വിശദാംശങ്ങള്‍ നല്‍കിയാല്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് 25 കോടി രൂപയുടെ വരെ സാമ്പത്തിക സഹായപദ്ധതി സര്‍ക്കാര്‍ നല്‍കാമെന്നു ധനമന്ത്രി ഉറപ്പുനല്‍കിയതായും ഗവര്‍ണര്‍ പറഞ്ഞു. മികച്ച വാഴ്‌സിറ്റിയെ കണ്ടെത്താന്‍ വിദ്യാഭ്യാസ സെക്രട്ടറി ചെയര്‍മാനായി പ്രത്യേക സമിതിയെ നിയോഗിച്ചു. വിവിധ യൂണിവേഴ്‌സിറ്റികള്‍ പ്രത്യേക ജേര്‍ണലുകള്‍ ഇറക്കി  പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തമാക്കണം.

കേരളത്തിലെ സര്‍വകലാശാലകള്‍ ദേശീയനിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ പിറകിലാണ്. ഈ അവസ്ഥ മാറണമെന്നും ഗവര്‍ണര്‍ പറഞ്ഞു. വെറ്ററിനറി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറെ നിയമിക്കാനുള്ള തീരുമാനം അടുത്തയാഴ്ചയോടെ ഉണ്ടാകുമെന്നു പത്രസമ്മേളനത്തില്‍ പങ്കെടുത്ത കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.  മലയാളം സര്‍വകലാശാല പ്രധാനപ്പെട്ട നിയമങ്ങളും മറ്റു സാങ്കേതികവിഷയങ്ങളും മലയാളത്തിലാക്കി ബന്ധപ്പെട്ടവര്‍ക്കു നല്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

Related posts