കൊച്ചി: എറണാകുളം കായലില്‍ വാട്ടര്‍ സ്കൂട്ടര്‍ മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഐലന്‍ഡ് ജെട്ടിക്കടുത്ത് എറണാകുളം വാര്‍ഫിന് കിഴക്കുള്ള ക്യൂ എയ്റ്റ് ബെര്‍ത്തിന്റെ സമീപത്തുനിന്ന് ഇന്നു രാവിലെ 8.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. വൈറ്റില ആര്‍എസ്എസി റോഡില്‍ ഫുള്‍മൂണ്‍ ഡെയിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന പാലക്കാട് പട്ടാമ്പി പള്ളിപ്പുറം കൈതംപറമ്പത്ത് വിശ്വനാഥന്റെ മകന്‍ വിനീഷിന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. രണ്ടു ദിവസം വെള്ളത്തില്‍ കിടന്നതിനാല്‍ ശരീരത്തിലെ തൊലി പൂര്‍ണമായി പോയ അവസ്ഥയിലായിരുന്നു.
കാണാതായ സമയത്ത് ധരിച്ച വസ്ത്രങ്ങളാണ് തിരിച്ചറിയാന്‍ സഹായിച്ചത്. കായലില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്ലാസ സവാരിക്കായി കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനില്‍ നിന്ന് പരസ്യ ഏജന്‍സി ലീസിനെടുത്ത യമഹ വേവ്‌റൈഡര്‍ മറൈന്‍ ജെറ്റ് സ്കൂട്ടര്‍ അറ്റകുറ്റപ്പണി നടത്തി പരീക്ഷണ ഓട്ടം നടത്തുന്നതിനിടെയാണ് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബോള്‍ഗാട്ടിക്കും എറണാകുളം മറൈന്‍ഡ്രൈവിനും മധ്യേ തലകീഴായി മറിഞ്ഞത്. വിനീഷ് അടക്കം മൂന്നുപേര്‍ വാട്ടര്‍ സ്കൂട്ടറിലുണ്ടായിരുന്നു. രണ്ടുപേരെ അപകടസ്ഥലത്തു നിന്നു രക്ഷപ്പെടുത്തി.
അപകടം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് വിനീഷിന്റെ മൃതദേഹം കണ്ടെത്തുന്നത്. ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. കോസ്റ്റല്‍ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുദിവസായി നടന്ന തെരച്ചിലില്‍ കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവരും നാട്ടുകാരും പങ്കെടുത്തിരുന്നു. മുളവുകാട് പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.