കാരുണ്യകരങ്ങളുമായി ലിസിയെത്തി; ഗോപിയെ കുളിപ്പിച്ച് സുന്ദരനാക്കാന്‍

KKD-LISYപേരാമ്പ്ര: അറപ്പുളവാക്കുന്ന രീതിയില്‍ പേരാമ്പ്രയിലെ കടവരാന്തയില്‍ കാണപ്പെട്ട മധ്യവയസ്കന്‍ ഇന്ന് രാവിലെ ഒമ്പതരയോടെ സുന്ദരനായി. ചെരുപ്പുകുത്തി ജീവിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്ന ഡയാന വര്‍ഗീസെന്ന ലിസിയുടെ കാരുണ്യം നിറഞ്ഞ കൈകളാണ് ഇതിനു കാരണമായത്. തികച്ചും വൃത്തിഹീനനായിരുന്നു കാലടി സ്വദേശിയെന്നു പറയുന്ന ഗോപി.

ഭക്ഷണം പോലും കഴിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ തണുത്തു വിറച്ച് കടവരാന്തയില്‍ കഴിയുമ്പോഴാണ് ഇയാള്‍ ലിസിയുടെ ശ്രദ്ധയില്‍ പെട്ടത്.ഇന്നു രാവിലെ ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തിനു സമീപം ലിസിയുടെ നേതൃത്വത്തില്‍ ഗോപിയെ കുളിപ്പിച്ചു പുതുവസ്ത്രങ്ങളണിയിച്ചു. വയറു നിറയെ ഭക്ഷണവും നല്‍കി.ഓമനയെന്ന സ്ത്രീയും ബസ്റ്റാന്‍ഡിലെ ടയര്‍ റീസോളിംഗ് സ്ഥാപനയുടമ സന്തോഷ്, ഫുട്പാത്ത് കച്ചവടക്കാരന്‍ നാസര്‍ എന്നിവരും പേരു പുറത്തു വരാനാഗ്രഹമില്ലെന്നറിയിച്ച ബസില്‍ പാല്‍ക്കായം വില്‍ക്കുന്ന സുഹൃത്തും ലിസിയുടെ ഒപ്പം സഹായികളായി.

പേരാമ്പ്രയിലെ ചാനല്‍ റിപ്പോര്‍ട്ടര്‍ ബാലകൃഷ്ണനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഗോപിയെ സ്ഥിരമായി സംരക്ഷിക്കാന്‍ ഏതെങ്കിലുംസ്ഥാപനങ്ങള്‍ സന്നദ്ധരാകണമെന്ന ആശ ലിസിക്കും സുഹൃത്തുക്കള്‍ ക്കുമുണ്ട്.

Related posts