കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കഥപറയുന്ന സ്കൂള്‍ മുറ്റം

kkd-cartoonകോടഞ്ചേരി: വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി. പുതിയ പാഠപുസ്തകങ്ങളും യൂണിഫോമും ബാഗും കുടയും വാങ്ങി കുട്ടികളും സ്കൂളില്‍ പോകാന്‍ തയാറെടുപ്പ് തുടങ്ങി. സ്കൂളുകള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്തും മോടിപിടിപ്പിച്ചും വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ക്കഴിഞ്ഞു. ഓരോ അധ്യയനവര്‍ഷത്തിലും വിദ്യാര്‍ഥികള്‍ക്ക് കൗതുകങ്ങളൊരുക്കന്നതില്‍ മുന്നിലാണ് കോടഞ്ചേരി സെന്റ് ജോസഫ്‌സ് എല്‍പി സ്കൂള്‍. ഇക്കുറിയും അതിന് മാറ്റമില്ല. അറുന്നൂറോളം കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ മുറ്റമാകെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും പ്രതിമകള്‍ നിറഞ്ഞുകഴിഞ്ഞു.

രാരീരം എന്ന പേരില്‍ സ്കൂളിനോട് ചേര്‍ന്ന് 40 സെന്റ് സ്ഥലത്ത് നിര്‍മിച്ചിരിക്കുന്ന ഉദ്യാനത്തില്‍ കാര്‍ട്ടൂണ്‍ കാഥാപാത്രങ്ങള്‍, മാന്‍, ജിറാഫ്, വലിയ ഓന്ത്, കുരങ്ങുകള്‍, കഴുകന്‍, ചൂണ്ടയിടുന്ന ആദിവാസി വൃദ്ധന്‍ എന്നിവയെ കൂടാതെ ഒരു കൊമ്പനാനിയുടെ പ്രതിമയും പുതിയതായി നിര്‍മിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ പൂര്‍ണകായ പ്രതിമയും പരിശുദ്ധ കന്യകാമറിയത്തിന്റെ ഗ്രോട്ടോയും നേരത്തെ നിര്‍മിച്ചിരുന്നു. കൂടരഞ്ഞി സ്വദേശിയായ ശില്പി തൂലിക പൗലോസ് ആണ് ഇവ നിര്‍മിച്ചിരിക്കുന്നത്.

സ്കൂള്‍ മുറ്റത്ത് വിവിധയിനം തണല്‍ മരങ്ങളും ഈ വര്‍ഷം നട്ടുപിടിപ്പിച്ചിട്ടുണ്ട്. കൂടാതെ ജൈവ പച്ചക്കറിത്തോട്ടവും ഓരോ വര്‍ഷവും ഒരുക്കുന്നു.  സ്കൂള്‍ മാനേജ്‌മെന്റിന്റെയും പിടിഎയുടെയും സഹകരണത്തോടെ പ്രധാനാധ്യാപകനായ കെ.സി.തങ്കച്ചന്‍ ഇവയ്‌ക്കെല്ലാം നേതൃത്വം നല്കുന്നു.

Related posts