എടത്വ: അമ്പലപ്പുഴ-തിരുവല്ലാ സംസ്ഥാനപാതയില്‍ കാറ്റില്‍ ഒടിഞ്ഞുവീണ മരകമ്പുകള്‍ നീക്കം ചെയ്യാന്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍ തയാറാകാതിരുന്നതോടെ മരച്ചില്ലകള്‍ വെട്ടിമാറ്റി ഗതാഗതം ഓട്ടോറിക്ഷ തൊഴിലാളി സുഗമമാക്കി. എടത്വയിലെ എന്റെ കുഞ്ഞാറ്റ എന്ന ഓട്ടോയുടെ ഡ്രൈവര്‍ എടത്വ പാറേച്ചിറയില്‍ അനില്‍ വേണുഗോപാലാണ് മരകമ്പുകള്‍ മാറ്റി റോഡിലെ ഗതാഗത തടസം ഒഴിവാക്കിയത്. എടത്വ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് തിരിയുന്ന ഭാഗത്തെ മരത്തിന്റെ ഒരു ഭാഗം കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ഉണ്ടായ കാറ്റില്‍ ഒടിഞ്ഞ് നിലംപതിക്കുകയായിരുന്നു.
മരക്കമ്പ് റോഡില്‍ കിടക്കുന്നത് അപകടമാണെന്ന് കണ്ട് അനില്‍ വ്യാഴാഴ്ച തന്നെ അധികൃതരെ അറിയിച്ചിരുന്നു എന്നാല്‍ ഇന്നലെ രാവിലെ ആയിട്ടും അധികൃതര്‍ എത്തുകയോ മരക്കമ്പ് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുകയോ ചെയ്യാതിരുന്നതോടെ കയറും വെട്ടുകത്തിയും ഉപയോഗിച്ച് മരത്തിന്റെ കമ്പുകള്‍ വെട്ടിമാറ്റി കയര്‍ ഉപയോഗിച്ച് റോഡില്‍ നിന്ന് മരം നീക്കം ചെയ്യുകയായിരുന്നു. ചില്ലകള്‍ റോഡിറമ്പിലേക്ക് മാറ്റി തൂത്ത് വൃത്തിയാക്കിയ ശേഷമാണ് അനില്‍ ഓട്ടോയുമായി സ്റ്റാന്‍ഡിലേക്കെത്തിയത്.