മാഡ്രിഡ്: കാളപ്പോരിന്റെ നാട്ടില്‍ ക്ലബ്ബ് ഫുട്‌ബോളിലെ രണ്ടു വന്‍ശക്തികള്‍, ബയേണ്‍ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും, നേര്‍ക്കുനേര്‍ വരുന്നു. ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം സെമിയിലെ ആദ്യപാദം അത്‌ലറ്റിക്കോയുടെ തട്ടകത്തിലാണ്. ഇന്ത്യന്‍ സമയം രാത്രി 12.15 ടെന്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ കളിവിരുന്ന് ആസ്വദിക്കാം.
അതേ, അത്‌ലറ്റിക്കോയുടെ ആരാധകര്‍ തികഞ്ഞ ശുഭപ്രതീക്ഷയിലാണ്. എന്തുകൊണ്ടായിക്കൂടാ? ക്ലബ്ബ് ഫുട്‌ബോളിലെ അജയ്യരായ ബാഴ്‌സലോണയെ കെട്ടുകെട്ടിച്ചല്ലേ ടീമിന്റെ വരവ്. ഇരുപാദത്തിലുമായി ന്യൂകാമ്പുകാരെ 3-2ന് മറികടന്നപ്പോള്‍ മുതല്‍ ബെറ്റുകാരുടെ പ്രിയ ടീമായി അത്‌ലറ്റിക്കോ മാറി.ചില റിക്കാര്‍ഡുകളിലാണ് ആതിഥേയരുടെ പ്രതീക്ഷയത്രയും. സ്വന്തം മണ്ണില്‍ അവസാനം കളിച്ച 15ല്‍ 13ലും ഗോള്‍ വാങ്ങിക്കാതെയാണ് ടീമിന്റെ ജൈത്രയാത്ര.
ഗോള്‍കീപ്പര്‍ ജാന്‍ ഒബ്‌ളാക്കിന്റെ ചോരാത്ത കൈകള്‍ മാത്രമല്ല പ്രതിരോധഭടന്മാരുടെ മതില്‍ക്കെട്ടും ശക്തമാണ്. ബയേണ്‍ താരം റോബര്‍ട്ട് ലെവന്‍ഡെസ്കി ഇക്കാര്യം തുറന്നു സമ്മതിക്കുകയും ചെയ്യുന്നു. ‘ലാലിഗയിലെ മികച്ച പ്രതിരോധമാണ് അത്‌ലറ്റിക്കോയുടേതെന്നതില്‍ സംശയമില്ല. സ്‌ട്രൈക്കറെന്നനിലയില്‍ വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്- പോളണ്ടുകാരന്‍ പറഞ്ഞു.
സ്പാനിഷ് നിരയിലെ അപകടകാരി ഫെര്‍ണാണേ്ടാ ടോറസാണ്. സീസണിന്റെ തുടക്കത്തില്‍ കാര്യമായ ചലനം സൃഷ്ടിക്കാനായില്ലെങ്കിലും പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല ഈ ഉയരക്കാരന്. അവസാനം കളിച്ച ആറില്‍ അഞ്ചുതവണ എതിര്‍വല കുലുക്കിയശേഷമാണ് ടോറസ് കളംവിട്ടത്. ഇന്നു രാത്രിയിലും ടോറസിന്റെ കാലുകളെയാകും അത്‌ലറ്റിക്കോ ഗോളടിക്കാന്‍ ആശ്രയിക്കുക. കോക്കേയാണ് പലപ്പോഴും ടോറസിലേക്കു പന്തെത്തിക്കുന്നത്. അതിനാല്‍ ബയേണ്‍ പ്രതിരോധം ലക്ഷ്യമിടുന്നത് കോക്കേയെ പിടിച്ചുകെട്ടാനാകും. ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാനാണ് അത്‌ലറ്റിക്കോ നിരയിലെ മറ്റൊരു അപകടകാരി.
കണക്കിലും സീസണിലെ പ്രകടനത്തിലും ബയേണിന് തന്നെയാണ് നേരിയ മുന്‍തൂക്കം. ഇത്തവണ ചാമ്പ്യന്‍സ് ലീഗില്‍ ടീം ഇതുവരെ നേടിയത് 28 ഗോളുകള്‍. മറ്റേതു ടീമുകളേക്കാളും ഒരുപാട് മുന്നില്‍. ഏഴു വര്‍ഷത്തിനിടെയിലേ ആറാം സെമിയാണ് ബയേണ്‍ കളിക്കാനിറങ്ങുന്നത്. അവസാനം കളിച്ച മൂന്നു ബുണേ്ടഴ്‌സ ലീഗ് മത്സരങ്ങളിലും എതിരാളികളെ വലകുലുക്കാന്‍ അനുവദിച്ചിട്ടില്ല ടീം.
പുലികളായ ജെറോം ബോട്ടെങ്, ആര്യന്‍ റോബന്‍ എന്നിവരുടെ അസാന്നിധ്യം ടീമിനെ ബാധിച്ചേക്കില്ലെന്നാണ് പരിശീലകന്‍ ഗാര്‍ഡിയോള പറയുന്നത്.
സാധ്യത ടീം
അത്‌ലറ്റിക്കോ മാഡ്രിഡ്: ജാന്‍ ഒബ്‌ളാക്ക്, ജുവാന്‍ഫ്രാന്‍, സ്റ്റെഫാന്‍ സാവിക്, ലൂക്കസ് ഹെര്‍ണാണ്ടസ്, ഫിലിപ്പി ലൂയിസ്, അഗസ്റ്റോ ഫെര്‍ണാണ്ടസ്, ഗാബി, സോള്‍ നിഗ്വസ്, കോക്കേ.ബയേണ്‍ മ്യൂണിക്: ന്യൂവര്‍, ബെര്‍നറ്റ്, അലാബ, മാര്‍ട്ടിനസ്, ലാം, വിദാല്‍, റിബറി, തിയാഗോ മ്യൂളര്‍, കോസ്റ്റ, ലെവന്‍ഡോസ്കി.