പാലക്കാട്: മനോഹരമായ മലമ്പുഴ അണക്കെട്ടിനു മുകളില്‍ ഒരു ചരിത്രം മറഞ്ഞുതുടങ്ങുന്നു. അതല്ലെങ്കില്‍ ചരിത്രത്തെ പൂട്ടിയിട്ട് മറ്റുള്ളവരെ അകറ്റിനിര്‍ത്തുന്നുവെന്നും പറയാം.അണക്കെട്ട് പടുത്തുയര്‍ത്തുമ്പോള്‍ ജീവന് നഷ്ടപ്പെട്ടവരുടെ പേരുവിവരങ്ങളടങ്ങിയ സ്മാരക പവലിയനെപ്പറ്റിയാണ് പറഞ്ഞുവരുന്നത്.മലമ്പുഴ അണക്കെട്ടും ഉദ്യാനവും അറുപതാം പിറന്നാളാഘോഷിക്കുമ്പോഴാണ് ആറുപതിറ്റാണ്ടുകള്‍ക്കുമുമ്പ് നിര്‍മ്മിച്ച സ്മാരകപവലിയന് അവഗണന നേരിടുന്നത്. വിജ്ഞാനദാഹികള്‍ക്ക് കാലത്തിനു പുറകിലേക്കുള്ള ഒരു വാതില്കൂടിയാണിത്.
ഉദ്യോനത്തിനകത്തായി അണക്കെട്ടിന് മുകളില്‍ കരിങ്കല്ലില്‍ തീര്‍ത്ത ഈ പവലിയന് വര്‍ഷങ്ങളായി പൂട്ടിക്കിടക്കുകയാണ്. ഇതിനാല്‍തന്നെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമ്പോള്‍ അധികൃതര്‍ക്കും കണ്ടഭാവമില്ല.പവലിയന്റെ അടിത്തട്ടില്‍ ഉപയോഗശ്യൂന്യമായ വസ്തുക്കള്‍ തള്ളിയും, ഉദ്യാനത്തിലെത്തുന്നവര്‍ക്ക് സന്ദര്‍ശനം നിഷേധിച്ചും സ്മാരകപവലിയന് അവഗണന നേരിടുന്നു.
മലമ്പുഴ അണക്കെട്ടിന്റെ നിര്‍മ്മാണ സമയത്ത് ജീവന് നഷ്ടപ്പെട്ടവരുടെയും നിര്‍മ്മാണച്ചുമതല വഹിച്ചവരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയ രാജ്യത്തെതന്നെ ഏക സ്മാരകപവലിയനാണ് ഇത്.വര്‍ഷങ്ങള്‍ നീണ്ട അണക്കെട്ടിന്റെ നിര്‍മ്മാണത്തിനു ശേഷമാണ് സ്മാരകപവലിയന് പൂര്‍ത്തീകരിച്ചത്. 1914 കാലഘട്ടത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരാണ് തുടക്കംകുറിച്ചത്.
പിന്നീട് മുടങ്ങിപ്പോയ മലമ്പുഴ അണക്കെട്ടിന്റെ നിര്‍മ്മാണം നെഹ്റു സര്‍ക്കാരിന്റെ കാലത്ത് 1951 ല്പുനരാരംഭിച്ചു. 1953 മുതല്‍ 1954 വരെയുള്ള കാലത്ത് അണക്കെട്ടിന്റെയും അനുബന്ധ കനാലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കിടെ പത്തോളം പേര് മരണപ്പെട്ടിട്ടുണ്ട്.ഇവരെല്ലാം സാധാരണക്കാരായ തൊഴിലാളികളായിരുന്നു.ഇത്തരത്തില്‍ അണക്കെട്ടു നിര്‍മ്മാണത്തിന്റെ പേരില്‍ രക്തസാക്ഷിയായവരുടെ പേരുകളും വിവരങ്ങളും മരിച്ച വര്‍ഷങ്ങളുമെല്ലാം പവലിയനുള്ളിലെ ചുമരില്‍ കൊത്തിവെക്കാന്‍ അന്നത്തെ സര്‍ക്കാരും ഉദ്യോഗസ്ഥരും തീരുമാനിക്കുകയായിരുന്നു.
അണക്കെട്ടു നിര്‍മ്മാണത്തിനായി നേതൃത്വം നല്കിയ ഒരുപറ്റം എന്‍ജിനീയര്‍മാരുടെ പേരും വിവരങ്ങളും പവലിയന്റെ മുകളിലത്തെ നിലയില്‍ രേഖപ്പടുത്തിയിട്ടുണ്ട്. കൂടാതെ അണക്കെട്ടിന്റെയും കനാലുകളുടെയും വൃഷ്ടിപ്രദേശങ്ങളുടെയും സ്ഥലവിവരക്കണക്കുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ചരിത്രാന്യേഷികള്ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനകരമാണ്. പവലിയന്റെ മുകളിലത്തെ വ്യൂ പോയിന്റ്ില്‍ നിന്നുള്ള അണക്കെട്ടിന്റെ കാഴ്ചയും മനോഹരമാണ്.
ആദ്യകാലങ്ങളില്‍ ഉദ്യാനത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പവലിയനിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. 2011ലെ ഉദ്യാനനവീകരണ പ്രവര്‍ത്തനങ്ങളോടെ സംരക്ഷിത മേഖലയെന്ന് മുദ്രകുത്തി പവലിയന് അധികൃതര്‍ പിന്നീട് പൂട്ടുകയായിരുന്നു.അതേസമയം ആറുപതിറ്റാണ്ടുകള്‍ക്കുശേഷം സാഡില്‍ ഡാമും പതിറ്റാണ്ടുകള്‍ക്കുശേഷം ഗവര്‍ണര്‍ സ്ട്രീറ്റും തുറന്നത് കഴിഞ്ഞകൊല്ലമാണ്. സംസ്ഥാനത്തുതന്നെ ആദ്യത്തെ വൈഫൈടൂറിസം മേഖലയുമാണ് മലമ്പുഴ. എന്നിട്ടും സ്മാരകപവലിയന് മോക്ഷം തേടുകയാണ്. ഇതു തുറന്നുകൊടുത്താല്‍ പവലിയന് മുകളില്‍നിന്നുള്ള ഡാം കാഴ്ചകള്‍ ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് സൗകര്യപ്രദമാകും. ഒപ്പം ഓര്‍മയില്‍ സൂക്ഷിക്കാനും തലമുറകള്‍ക്ക് കൈമാറാനും കുറച്ചു ചരിത്രവിവരങ്ങളും.