പരവൂർ (കൊല്ലം): വന്ദേഭാരത് സീരീസിലെ ആദ്യത്തെ ചരക്കുവണ്ടിയുടെ നിർമാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പൂർത്തിയായി. ഗതിശക്തി എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഈ മാസം അവസാനത്തോടെ ആരംഭിക്കാൻ കഴിയുമെന്നാണ് ഐസിഎഫ് അധികൃതർ നൽകുന്ന സൂചന.
രണ്ട് ഘട്ടങ്ങളിളിലായി ട്രയൽ റൺ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ മധ്യപ്രദേശിലെ ഖജുരാവോ മുതൽ ഉത്തർപ്രദേശിലെ മഹോബ വരെ ആയിരിക്കും പരീക്ഷണ ഓട്ടം നടത്തുക. രണ്ടാം ഘട്ട ട്രയൽ റൺ രാജസ്ഥാനിലെ കോട്ടയിലുമാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യൻ റെയിൽവേയുടെ ഗവേഷണ വികസന വിഭാഗമായ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡാർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) ആയിരിക്കും പരീക്ഷണ ഓട്ടത്തിൻ്റെ മേൽനോട്ട ചുമതല നിർവഹിക്കുക.
394 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള 16 വാഗണുകൾ അടങ്ങിയ ചരക്ക് തീവണ്ടിയാണ് ചെന്നൈ ഐസിഎഫിൽ നിർമിച്ചിട്ടുള്ളത്. ഈ ട്രെയിനിന്റെ വേഗമ മണിക്കൂറിൽ 130 കിലോമീറ്ററാണ്. ഇപ്പോൾ രാജ്യത്ത് സർവീസ് നടത്തുന്ന ചരക്ക് തീവണ്ടികളുടെ ശരാശരി വേഗത മണികൂറിൽ 50 കിലോ മീറ്റർ മാത്രമാണ്. ഈ തീവണ്ടികളിലേതിനേക്കാൾ സാധനങ്ങൾ എളുപ്പത്തിലും വേഗത്തിലും വന്ദേഭാരത് ഗതിശക്തിയിൽ കയറ്റാനും ഇറക്കാനും സാധിക്കും.
1.8 മീറ്റർ വീതിയുള്ള ഡബിൾ ലീഫ് ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറുകൾ, ഫയർ ഡിറ്റക്ഷൻ സിസ്റ്റം, സിസിടിവി, എൽഇഡി ലൈറ്റുകൾ, ഡോർ ഇൻഡിക്കേഷൻ ലാമ്പുകൾ, ഓൺ ബോർഡ് കിച്ചൺ തുടങ്ങി നിരവധി സവിശേഷതകൾ വന്ദേ ഭാരത് ചരക്ക് ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വന്ദേഭാരത് ചരക്ക് തീവണ്ടികൾ ആരംഭിക്കാൻ റെയിൽ മന്ത്രാലയം തീരുമാനിച്ചത് 2022 ലാണ്. ഡൽഹി, മുംബൈ മേഖലകളിൽ ആദ്യ സർവീസ് ആരംഭിക്കുമെന്നുമായിരുന്നു അന്നത്തെ അറിയിപ്പ്.
തുടർന്നാണ് രണ്ട് ചരക്ക് തീവണ്ടികൾ നിർമിക്കാൻ പെരമ്പൂരിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിക്ക് ഓർഡർ നൽകിയത്. ഇതിൽ ആദ്യത്തേതിന്റെ നിർമാണമാണ് പൂർത്തീകരിച്ചിട്ടുള്ളത്. രണ്ടാമത്തെ വണ്ടിയുടെ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ഗതാഗതത്തിന്റെ വേഗത കൂട്ടി ചരക്കുകൾ ചുരുങ്ങിയ സമയത്തിനുളളിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതാണ് പുതിയ വണ്ടികൾ ഇറക്കുന്നതിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.
സംസ്കരിച്ച ഭക്ഷ്യസാധനങ്ങൾ അടക്കം കെടുവരാതെ സുരക്ഷിതമായി കൊണ്ടുപോകാനുള്ള സൗകര്യം പുതിയ ചരക്ക് തീവണ്ടിയിലുണ്ട്. ഇപ്പോൾ ഇത്തരം സാധനങ്ങൾ പല കമ്പനികളും സ്ഥാപനങ്ങളും വൻതുക ചെലവഴിച്ച് കാർഗോ വിമാനങ്ങളിലാണ് കൊണ്ടുപോകുന്നത്. ഉത്തരം സ്ഥാപനങ്ങൾക്ക് വളരെ കുറഞ്ഞ നിരക്കിൽ അവരുടെ ഉത്പന്നങ്ങൾ വന്ദേഭാരത് ഗതിശക്തി വഴി കൊണ്ടുപോകാൻ സാധിക്കും.

